Skip to main content
കോഴിക്കോട്

western ghatsകസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിനു മുന്നില്‍ അഞ്ചു പേര്‍ കൂടി നിരാഹാരസമരം ആരംഭിച്ചു. നേരത്തെ നിരാഹാരസമരം നടത്തിയിരുന്നവരെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇവര്‍ക്ക് പകരമായി ഫാ. ജില്‍സണ്‍ തയ്യില്‍ അടക്കമുള്ള അഞ്ചു പേര്‍ നിരാഹാരസമരം ആരംഭിച്ചത്.

 

ഇതേസമയം ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് പശ്ചിഘട്ടജനസംരക്ഷണ സമിതി അറിയിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നവംബര്‍ 13-ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കുകയോ ആവശ്യമായ ഭേദഗതികള്‍ വരുത്തുകയോ ചെയ്യുന്നതുവരെ സമരം തുടരുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി രക്ഷാധികാരി ഫാ.ആന്റണി കൊഴുവനാല്‍ പറഞ്ഞു.

 

വനം പരിസ്ഥിതി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം പ്രധാനമായും മുന്‍പോട്ടു വച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള 13000 ചതുരശ്രകിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയില്‍ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമിയും തോട്ടങ്ങളും ടൗണ്‍ഷിപ്പും ഉള്‍പ്പെടുന്ന 2500 ചതുരശ്രകിലോമീറ്റര്‍ ഒഴിവാക്കണം. പകരം വനത്തോടു ചേര്‍ന്ന ആയിരത്തോളം ചതുരശ്ര കിലോമീറ്റര്‍ ഭൂമി സംരക്ഷിക്കാമെന്നും അറിയിച്ചിരുന്നു. ഇത്രയും പ്രദേശങ്ങള്‍ ഒഴിവാക്കിയാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്ന അഞ്ച് നിയന്ത്രണങ്ങളും ജനവാസമേഖലകള്‍ക്ക് ബാധകമാവില്ലെന്നാണ് കേരളം അറിയിച്ചത്.

Tags