Skip to main content
തിരുവനന്തപുരം

attukal pongalaആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രത്തില്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്ന് തന്ത്രി പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി തിടപ്പള്ളിയിലെ ചെറിയ അടുപ്പില്‍ കത്തിച്ചു. അതില്‍ നിന്ന് പകര്‍ന്ന ദീപം കീഴ്ശാന്തി ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

 

പതിനായിരക്കണക്കിന് പൊങ്കാല അടുപ്പുകളാണ് തലസ്ഥാനത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റോഡരികില്‍ ഭക്തര്‍ ഒരുക്കിയിരിക്കുന്നത്.  പൊങ്കാലയോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് തലസ്ഥാന നഗരിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 5000ല്‍ അധികം പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തുള്ളവര്‍ക്ക് പുറമേ അയല്‍ സംസ്ഥാനങ്ങിളില്‍ നിന്നുള്ള മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള വിശ്വാസികളും പൊങ്കാല അര്‍പ്പിക്കാനെത്തിയിട്ടുണ്ട്.

 

ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയ്ക്ക് ശേഷം പണ്ടാര അടുപ്പിലെ പൊങ്കാല സഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി നിവേദിക്കും. ഇതിന് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യജലവുമായി മുന്നൂറ്റമ്പതോളം ശാന്തിക്കാര്‍ വിവിധ സ്ഥലങ്ങളിലായി ഇട്ട പൊങ്കാല നിവേദിക്കും. 250 ശാന്തിമാരെയാണ് പൊങ്കാല നിവേദിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

രാത്രി 7.30-നു കുത്തിയോട്ടക്കാര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും. ഇക്കുറി 930 ബാലന്‍മാരാണു കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്. രാത്രി പത്തരയോടെ പുറത്തെഴുന്നള്ളത്തു നടത്തും. രാത്രി 12.30ന് കുരുതി തര്‍പ്പണത്തോടെ പത്ത് ദിവസം നീണ്ട പൊങ്കാല മഹോത്സവത്തിന് സമാപനമാകും. നിവേദ്യത്തിനു ശേഷം മടങ്ങാനായി കെ.എസ്.ആര്‍.ടി.സിയും റയില്‍വേയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.