Skip to main content
കൊച്ചി

കരുമുളക്, വാനില, ജാതിക്ക, തുളസി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഗുണനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറെടുക്കുന്നു. ഇതിനായി യു.എന്‍ പുതുതായി രൂപീകരിച്ച സമിതിയുടെ സമ്മേളനം കൊച്ചിയില്‍ ചൊവാഴ്ച തുടങ്ങി. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 14 വെള്ളിയാഴ്ച വരെയാണ് സമ്മേളനം.

 

യു.എന്‍ ഏജന്‍സികളായ ഭക്ഷ്യ-കാര്‍ഷിക സംഘടനയും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് 1963-ല്‍ രൂപീകരിച്ച കോഡെക്സ്‌ അലിമെന്ററിയസ് കമ്മീഷന്റെ കീഴിലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ഔഷധസസ്യങ്ങള്‍ക്കുമായുള്ള കോഡെക്സ്‌ സമിതി (സി.സി.എസ്.സി.എച്ച്)യാണ് കൊച്ചിയില്‍ യോഗം ചേരുന്നത്. കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സമിതിയുടെ ആദ്യ സമ്മേളനമാണിത്. അന്താരാഷ്ട്ര തലത്തില്‍ ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്ന രീതിയിലുള്ള വ്യാപാരനിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും കോഡെക്സ്‌ അലിമെന്ററിയസ് കമ്മീഷനാണ്.

 

കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം നടക്കുന്ന സുഗന്ധവ്യഞ്ജന രംഗത്ത് ഇത്തരം ഗുണനിലവാര മാനകങ്ങള്‍ കൊണ്ടുവരുന്നത് ചെറുകിട കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിക്കുമെന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടന പറയുന്നു. മാനകങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഏതിനം സുഗന്ധവ്യഞ്ജനങ്ങള്‍ എങ്ങനെ കൃഷി ചെയ്യണമെന്ന് തീരുമാനിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണവും സുരക്ഷിതത്വവും അറിയാന്‍ ഉപഭോക്താക്കള്‍ക്കും കഴിയുമെന്ന് സംഘടന വാര്‍ത്താകുറിപ്പില്‍ പറയുന്നു.     

 

ഏതാനും ദശകങ്ങളായി സുഗന്ധവ്യഞ്ജന-ഔഷധസസ്യ മേഖലയിലെ വ്യാപാരം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. വന്‍തോതില്‍ വ്യാപാരം നടക്കുന്ന അന്‍പതോളം സുഗന്ധവ്യഞ്ജന-ഔഷധസസ്യങ്ങളില്‍ ഏതാനും എണ്ണത്തിന് ഇതിനകം ചില മാനകങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഓരോ ഉല്‍പ്പന്നത്തിനും പ്രത്യേകമായ ഗുണനിലവാരം ആഗോളതലത്തില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടില്ല. മാത്രവുമല്ല, കൂടുതല്‍ സുഗന്ധവ്യഞ്ജന-ഔഷധസസ്യങ്ങളില്‍ വ്യാപാരം വര്‍ധിച്ചുവരുന്നതായും ഭക്ഷ്യ-കാര്‍ഷിക സംഘടന ചൂണ്ടിക്കാട്ടുന്നു.