Skip to main content

സാഹിത്യകാരി സാറാ ജോസഫിന് പിന്നാലെ ഇപ്പോൾ എം.എൻ കാരശ്ശേരിയും കേരളത്തിൽ ആം ആദ്മി പാർട്ടിയിലെത്തിയിരിക്കുന്നു. കോഴിക്കോട് സർവകലാശാലയില്‍ മലയാളം വിഭാഗത്തിന്റെ തലവനായി വിരമിച്ച വ്യക്തിയാണ് കാരശ്ശേരി. കോളമിസ്റ്റ് കൂടിയായ കാരശ്ശേരി ചാനലുകളില്‍ സക്രിയമായതോടെയാണ് പൊതുജന ശ്രദ്ധയിലേക്കുയർന്നത്. സമകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ  അദ്ദേഹം പ്രതികരിക്കുന്ന രീതി തന്നെ കാരണം. മുസ്ലീം തീവ്രവാദ മുഖത്തിനെതിരെ മുഖം നോക്കാതെ തെല്ലും ഭീതിയില്ലാതെ എഴുതുന്നതിനും പ്രതികരിക്കുന്നതിനും അദ്ദേഹത്തിനു മടിയില്ല. മറ്റുള്ള പ്രതികരണക്കാരിൽ നിന്നും വ്യത്യസ്തമായി സംഭാഷണത്തിൽ സാംസ്കാരികതയും സമചിത്തതയും പുലർത്തിപ്പോരുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അധ്യാപകൻ എന്ന നിലയിലും അദ്ദേഹം ബഹുമാനിക്കപ്പെടുന്നുണ്ട്.

 

അദ്ദേഹം ആം ആദ്മിയിൽ ചേർന്ന ദിവസം നടന്ന ഒരു ചാനൽ ചർച്ചയിലെ അദ്ദേഹത്തിന്റെ ഒരഭിപ്രായമാണ് ഈ കുറിപ്പിന്നാധാരം. ചർച്ചയിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന മുഖ്യ ചോദ്യം ആം ആദ്മിക്ക് രാഷ്ട്രീയ വീക്ഷണവും പദ്ധതികളും ഇല്ലെന്നും അത് അസംതൃപ്തരുടെ ആൾക്കുട്ടവുമല്ലേ എന്നാണ്. ഒരു നല്ല പാർട്ടി പ്രവർത്തകനെന്നോണം (നേതാവിനെപ്പോലെയല്ല)അദ്ദേഹം ആം ആദ്മിയിൽ സവിശേഷതകൾ കാണുകയും അതു നിരത്തുകയും ചെയ്തുകൊണ്ട് പാർട്ടിയെ ന്യായീകരിക്കുകയും ചെയ്തു. അതൊരു പാർട്ടിയല്ല, പ്രസ്ഥാനമാണ് എന്നാണദ്ദേഹം അഭിപ്രയപ്പെട്ടത്. ആൾക്കൂട്ടമാണെന്ന് അദ്ദേഹം സമ്മതിച്ചു. അതിന് ന്യായീകരണമായി അദ്ദേഹം ഉന്നയിച്ചത് വൻ പ്രത്യയശാസ്ത്രങ്ങളുള്ള പാർട്ടികൾക്കുണ്ടായ അപചയവും ജീർണ്ണതയുമാണ്. അതിനാൽ പ്രത്യയശാസ്ത്രത്തിന്റെ അനിവാര്യതയില്ല എന്നാണ് അദ്ദേഹം വാദിച്ചത്. അതിന് മറ്റൊരു യുക്തിയും അദ്ദേഹം കണ്ടെത്തി. പ്രവൃത്തിയിലൂടെ പ്രത്യശാസ്ത്രത്തെ രൂപീകരിക്കാമെന്ന ഗാന്ധിയൻ രീതിയാണ് ആം ആദ്മിയുടെ കാര്യത്തിലെന്നായിരുന്നു അത്. എം.എൻ കാരശ്ശേരി ഗാന്ധിയെ പരാമർശിക്കുമ്പോൾ അത് അരവിന്ദ് കേജ്രിവാളിനെയോ അണ്ണാ ഹസ്സാരെയെയോ പോലെ ആകാൻ പാടില്ല. മികച്ച അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ഗാന്ധിജിയെ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണെന്നുള്ള ബോധം പ്രേക്ഷകരിലും അദ്ദേഹത്തിന്റെ ശിഷ്യരിലും ഉണ്ടാകാനിടയുണ്ട്.

 

ഗാന്ധി ആവിഷ്കരിച്ചത്

 

ഇന്ന് രാജ്യം നേരിടുന്ന പ്രശ്നം ഒറ്റ വാചകത്തിൽ പറഞ്ഞാൽ രാജ്യം ഗാന്ധിജിയിൽ നിന്ന് അകന്നു എന്നതാണ്. ദിനംപ്രതി ആ അകൽച്ച കൂടുകയും ചെയ്യുന്നു. ഗാന്ധിജി സുതാര്യതയാണ്. ഗാന്ധിജി രാജ്യത്തിന് സാമ്പത്തിക ശാസ്ത്രമാണ്. ഗാന്ധിജി വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും മൂല്യമാണ്. അങ്ങനെ ഏത് മേഖലയിലും. ഈ മേഖലയിലെല്ലാം നടന്ന കലർപ്പാണ് കേജ്രിവാളും കൂട്ടരും കാരശ്ശേരിയുമൊക്കെ ഉയർത്തിക്കാട്ടുന്ന അഴിമതി. ഈ കലർപ്പുകൾ കൈയ്യിലേന്തിയവർ അഴിമതിക്കാർ. ഗാന്ധിയെ മനസ്സിലാക്കാതെ ഗാന്ധിസം നടപ്പാക്കിയതിലൂടെ സംഭവിച്ച അപകടമാണ് ഈ ജീർണ്ണത. ഗാന്ധിജിയാകട്ടെ പുതുതായി ഒന്നും ആവിഷ്കരിച്ചില്ല. ഈ രാജ്യത്തിന്റെ സാംസ്കാരികാത്മാവിനെ തൊട്ടറിഞ്ഞ്, തന്റെ ജീവിതത്തെ അതുമായി വിന്യസിച്ച് തന്റേതായ ശൈലിയിൽ അതിനെ ആവിഷ്കരിക്കുകയായിരുന്നു. എന്റെ സത്യാന്വേഷണ പരീക്ഷണ കഥയുടെ തുടക്കത്തിൽ ഗാന്ധിജി വ്യക്തമായി പറയുന്നു, ആരും തന്നെ അനുകരിക്കാൻ ശ്രമിക്കരുത്. സത്യസന്ധതയുടെ പ്രയോഗത്തിനുള്ള ഏറ്റവും വലിയ ആഹ്വാനമായിരുന്നു അത്. കാരണം ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഒരു മരത്തിലെ ഇലകളുടെ വ്യത്യസ്ത ആകൃതിപോലെ. ഓരോരുത്തരും അവരുടേതായ വ്യത്യസ്തതകൾ കണ്ടെത്തി അതിന്റെ ശക്തിയിൽ (ഇന്നത്തെ ഭാഷയിൽ വ്യക്തിഗത സോഫ്റ്റ്‌വെയർ) മൂല്യങ്ങളുമായി ചേർന്ന് ജീവിക്കുക. ആരെങ്കിലും ഗാന്ധിജിയെ അനുകരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവിടെ സംഭവിക്കുക ആ വ്യക്തി തന്റെ സവിശേഷതയെ മൂടിവച്ച് തന്റേതല്ലാത്തതിനെ മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി എടുത്തണിയുക എന്നുള്ളതാണ്. ഒന്നുകൂടി  തെളിച്ചുപറഞ്ഞാൽ സ്വന്തം വ്യക്തിത്വം മറച്ച് മറ്റുള്ളവരെ കളിപ്പിച്ച് വ്യക്തിപരമായ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നർഥം. അതുകൊണ്ടാണ് തന്നെ ആരും അനുകരിക്കാൻ ശ്രമിക്കരുതെന്ന് മഹാത്മാവ് ഉപദേശിച്ചത്. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റൊന്ന് അണിയുന്ന വ്യക്തിക്ക് സ്വയം ബഹുമാനം ഇല്ലാതാകും. അതു സ്വാഭാവികം. സ്വയം ബഹുമാനമില്ലാത്ത വ്യക്തിയിൽ ഏതുതരം ജീർണ്ണതയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. സ്വയം ബഹുമാനിക്കാത്തവർ മറ്റുള്ളവരെ ബഹുമാനിക്കില്ല എന്ന് എടുത്തു പറയേണ്ട ആവശ്യവുമില്ല. കമ്പ്യൂട്ടറിൽ വിനാശകരമായ വൈറസ് കയറിയതുപോലെയാണ് ഗാന്ധിസത്തിൽ കയറിയ വൈറസ്. ആ വൈറസാണ് ഇന്നു കാണുന്ന ജീർണ്ണതയ്ക്ക് അടിസ്ഥാനം. അതിന്റെ കാരണങ്ങളാകട്ടെ ചരിത്രപരവും.

 

ഗാന്ധിജിക്കു ശേഷം ഗാന്ധിസം എന്നപേരിൽ കണ്ടതും നടപ്പാക്കിയതും ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നതും ഗാന്ധിജിയുടെ ബാഹ്യകാഴ്ചയുടെ അനുകരണങ്ങളാണ്. ആ അനുകരണം പോലും നന്മയുടെ അവശേഷിപ്പുകൾ  ഇപ്പോഴും ലഭ്യമാക്കുന്നുണ്ട്. ഗാന്ധിജി ഇന്ത്യൻ ജനതയുടെ കോശസ്മൃതികളിൽ ഇപ്പോഴും ഒരു സ്വപ്നവും സുഖാനുഭവവുമായി അവശേഷിക്കുന്നു. അതിനാലാണ് ഗാന്ധിജി ഇന്നും പരാമർശിക്കപ്പെടുന്നതും ഏവരുടെയും ലക്ഷ്യമായി ഉയർത്തിക്കാട്ടപ്പെടുന്നതും. അണ്ണാ ഹസ്സാരെയെ ഉപയോഗപ്പെടുത്തി അരവിന്ദ് കേജ്രിവാൾ വളരെ ബുദ്ധിപരമായി നിർവഹിച്ചതും ഈ ഗാന്ധിസ്മരണയെ ഉണർത്തുകയായിരുന്നു. അണ്ണാ ഹസ്സാരെ മോശക്കാരനോ നല്ല മനുഷ്യനോ ആകാതാകുന്നില്ല. പക്ഷേ, അദ്ദേഹം ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയാതെ ആത്മാർഥമായി സ്വയം ഗാന്ധിയനായി കരുതിപ്പോരുന്നു. ലോകം അദ്ദേഹത്തെ ഗാന്ധിയനായി വിശേഷിപ്പിക്കുന്നു. ഗാന്ധിജിയെക്കുറിച്ചും ഗാന്ധിസത്തെക്കുറിച്ചുമുള്ള പൊതുവീക്ഷണമാണ് അദ്ദേഹവും ലോകവും അങ്ങനെ കാണുന്നത്. മാധ്യമങ്ങൾക്ക് അദ്ദേഹത്തെ ഗാന്ധിയൻ എന്നു പരിചയപ്പെടുത്താൻ ഒട്ടും സംശയമില്ല. ഹസ്സാരെ ഗാന്ധിജിയെ അനുകരിക്കുകയാണ്. വേഷഭൂഷാദികളിലൂടെ. ചിരിയിലൂടെ. ആ അനുകരണം കണ്ടുപോലും ഇന്ത്യൻ ജനത വല്ലാതെ പ്രതീക്ഷിച്ചുപോയി. അരവിന്ദ് കേജ്രിവാളും തന്റെ പാർട്ടിയുടെ തൊപ്പിയിലൂടെ ആ ഗാന്ധിസ്വാധീനത്തെയാണ് വിനിയോഗിക്കാൻ ശ്രമിക്കുന്നത്. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിസത്തിന് ഏറ്റ ഏറ്റവും വലിയ വികലമാക്കൽ പ്രക്രിയ  ഹസ്സാരെയിലൂടെയും  ആം ആദ്മി പാർട്ടിയിലൂടെയുമായിരിക്കും.

 

ഉന്മാദ ആള്‍ക്കൂട്ടം

 

ഹിംസയോ അധിക്ഷേപമോ മറ്റുള്ളവരെ പുറന്തള്ളുന്നതൊ പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെയല്ല ഗാന്ധി ദേശീയ പ്രസ്ഥാനത്തെ നയിച്ചത്. ആം ആദ്മിയും കേജ്രിവാളും ചെയ്യുന്നത് നേർവിപരീതവും. കോപശമനത്തിനായി കാത്തുനിന്നവർക്ക് ഒരവസരം പോലെ. ശരിയാണ്, അവർ പറയുന്ന കാര്യങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. രോഗം എന്താണെന്ന് അവർ പറയുന്നത് ശരി. എന്നാൽ രോഗനിർണ്ണയവും അതിന്റെ കാരണവും വിദഗ്ധനായ ഒരു ഭിഷഗ്വരനു മാത്രമേ സാധ്യമാവുകയുള്ളു. സമൂഹശരീരത്തിലും മനസ്സിലും ഒരേപോലെ പ്രവേശിച്ച് സൂക്ഷ്മദൃഷ്ടിയോടെ പരിശോധിക്കുമ്പോൾ മാത്രമേ അതിനു കഴിയുകയുള്ളു. അല്ലെങ്കിൽ  വ്യാജവൈദ്യന്റെ ചികിത്സയുടെ ഫലമായിരിക്കും ഉണ്ടാവുക. രോഗബാധിതരായ ആൾക്കൂട്ടം രോഗത്തിന്റെ ഉന്മാദാവസ്ഥയെ ചികിത്സയായി വിധിക്കുന്നതു പോലെയാണ് ആം ആദ്മി പാർട്ടിയുടെ അവസ്ഥ. ആം ആദ്മി പാർട്ടി ചരിത്രത്തിന്റെ സന്തതിയാണ്. സംശയമില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവ്വിധമാണ് ജീർണ്ണതയ്ക്ക് അടിപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആ പാർട്ടികളിലുള്ളവരും മനുഷ്യരാണ്. അവരേയും ഉൾപ്പെടുത്തി അവരുടേയും ഉയർച്ചയിലൂടെ മാത്രമേ സാമൂഹികമായ മാറ്റം കൈവരികയുള്ളു. അല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലമുണ്ടാവുക. കേരളവും ഇന്ത്യയുമൊക്കെയാണ് അതിന് നല്ല ഉദാഹരണം. ഇവിടെ മാധ്യമങ്ങൾ അഴിമതിയും നേതാക്കളുടെ വൃത്തികേടുകളും തുറന്നുകാട്ടുക എന്നതാണ് ഏറ്റവും വലിയ വാർത്ത എന്ന ധാരണയിൽ  എത്തി. വെറും ഒന്നര ദശാബ്ദം കൊണ്ട് ജനതയുടെ വൈകാരിക പ്രതികരണ സംവേദനത്വവും തുടർന്ന് മൂല്യബോധത്തിലും ദോഷകരമായ മാറ്റം സംഭവിച്ചു. അതുകൊണ്ട് അധികാരത്തിലിരിക്കുന്നവർ എത്ര അധമ പ്രവൃത്തികളിലേർപ്പെട്ടാലും അന്തസ്സിന് വലിയ കോട്ടമില്ലാതെ അധികാരത്തിൽ തുടരാമെന്ന അവസ്ഥ കൈവന്നു. ഒറ്റനോട്ടത്തിൽ ഉദാത്തമായ മാധ്യമ പ്രവർത്തനമാണ് ഇതെന്നു തോന്നുകയും അതു പുറത്തുകൊണ്ടുവന്നവർക്ക് ഉഗ്രൻ പുരസ്കാരങ്ങൾ ലഭിക്കുകയുമൊക്കെ ചെയ്തെന്നിരിക്കും. ആ മാധ്യമ പ്രവർത്തന ശൈലിയാണ് ആം ആദ്മി രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്നത്. അതിന് മാധ്യമ പ്രവർത്തന സംസ്കാരവും അവർ പ്രയോജനപ്പെടുത്തുന്നു. അതിനാൽ ഇപ്പോൾ അന്വേഷണം ഇത്തരം ആളുകൾ നടത്തുകയും മാധ്യമത്തിലുള്ളവർ അതുപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. മാധ്യമ പ്രവർത്തനം മൂലമുണ്ടായ  അവസ്ഥയേക്കാൾ ദോഷകരമായിരിക്കും ഇത്തരത്തിലുള്ള ആൾക്കൂട്ട പ്രവർത്തനത്തിലൂടെ സംഭവിക്കുക.

 

ആം ആദ്മി പാർട്ടി ആൾക്കൂട്ടമാണെന്ന് ഏവരും സമ്മതിക്കുന്നു. ഇത് ജനങ്ങളുടെ പ്രതിഷേധവും പ്രക്ഷോഭവുമൊക്കെയാണ്. സംശയമില്ല. രാഷ്ട്രീയമായ പ്രത്യയ ശാസ്ത്രമില്ലായിരിക്കാം. പരിചയക്കുറവും പക്വതയില്ലായ്മയും ഉണ്ടാകാം. എങ്കിലും മാറ്റം ആഗ്രഹിക്കുന്ന ജനതയാണ് ഈ ആൾക്കൂട്ടം. ഈ ആൾക്കൂട്ടത്തെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടത് അതിലേക്ക് വരുന്ന നേതൃത്വ സ്വഭാവമുള്ളവരുടെ കടമയാണ്. നേതൃത്വത്തെപ്പോലും ആം ആദ്മിക്കാർ അംഗീകരിക്കുന്നില്ല. എല്ലാവരും കേജ്രിവാളിൽ നോക്കിയിരിക്കുകയാണ്. ആം ആദ്മിക്കാർ പറയുന്നതു പ്രകാരമാണെങ്കിൽ അതിലെ ഓരോ വ്യക്തിയും ശക്തരാകേണ്ടതാണ്. എന്നാൽ കേജ്രിവാൾ മാത്രം ശക്തനായ ഒരു പാർട്ടിയുടെ കനപ്പെടലാണ് കാണുന്നത്. കാരശ്ശേരിയെപ്പോലുള്ളവർ ഇത്തരം സംഘടനയിലേക്കു വരുമ്പോൾ അവരിൽ അർപ്പിതമാകുന്ന ഉത്തരവാദിത്വം കൂടുന്നു. ചിന്തയും പഠനവും മറ്റുമാണ് കാരശ്ശേരിയെ കാരശ്ശേരിയാക്കുന്നത്. അത് ജനക്കൂട്ടത്തിന്റെ ആരവത്തിൽ നിന്ന് ആർജിച്ചതല്ല. അതിന്റെ മഹത്വം അദ്ദേഹമറിയണം. ആ മഹത്വത്തെപ്പോലും തെരുവിലെ കൂട്ടത്തിന്റെ ആരവത്തിൽനിന്ന്‍ ഉയർന്നുവരുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി മാറ്റിവയ്ക്കുകയാണ് അദ്ദേഹം ഗാന്ധിജിയെ കൂട്ടുപിടിച്ചുകൊണ്ട് ഇത്തരം പ്രസ്താവന നടത്തുമ്പോൾ.  അത് ആം ആദ്മി പാർട്ടിക്ക് ഉണ്ടാക്കുന്ന ദോഷത്തേക്കാൾ പൊതു സമൂഹത്തിനും ഗാന്ധിസത്തിനും വരുത്തിവയ്ക്കുന്ന ദോഷകരമായ വ്യതിയാനമാണ്. ആൾക്കൂട്ടത്തിന്റെ പ്രവൃത്തിയിൽ നിന്ന് രൂപീകൃതമായ തത്വശാസ്ത്രമല്ല ഗാന്ധിസം. ഗാന്ധിയോട് ചേർത്തുള്ള ഇസപ്രയോഗത്തിൽ നിന്നുതന്നെ അതു വ്യക്തമാണ്. ഇന്ത്യയിൽ ഗാന്ധിസത്തെ വികലപ്പെടുത്തുന്നതിൽ ഏർപ്പെടുന്നതിനേക്കാൾ വലിയ അഴിമതി മറ്റൊന്നില്ല എന്നുള്ളത് ഗാന്ധിസം അൽപ്പമൊന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ മനസ്സിലാകും. കാരണം ആശയപരമായ വൈകല്യമാണ് മൂല്യബോധത്തിൽ നിന്നകന്ന് അഴിമതിയുൾപ്പടെയുള്ള സകലമാന ജീർണ്ണതയ്ക്കും കാരണം. ഗാന്ധിസം വികലമാക്കപ്പെടുമ്പോൾ രാജ്യവും സമൂഹവും വീണ്ടും കൂടുതൽ ഗാന്ധിജിയിൽ നിന്നകലുകയാണ്. 

 

അഹിംസയും ആം ആദ്മിയും

 

ആം ആദ്മിയുടെ ജനനവും നിലനിൽപ്പും വ്യാപനവും മറ്റുള്ളവരുടെ ദോഷത്തെ അടിസ്ഥാനമാക്കിയാണ്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച് ലോകസഭയിൽ സീറ്റുകൾ കിട്ടിയാൽ അത് ആം ആദ്മിയുടെ വളർച്ചയാണ്. അതായത് മറ്റുള്ളവരുടെ അഴിമതിയിലൂടെ ഉണ്ടാക്കുന്ന നേട്ടം. ഗാന്ധിസം അതിന് നേർവിപരീതമാണ്. ചർക്കയിലേക്കൊന്നു നോക്കിയാൽ അതു മനസ്സിലാകും. ആം ആദ്മിയും പ്രവർത്തകരും ഗാന്ധിജിയെ ഉദ്ധരിക്കുന്നതും ഗാന്ധിസം അവകാശപ്പെടുന്നതും ചരിത്രപരമായ ദുര്യോഗമാണ്. ആ നിഷേധാത്മകതയുടെ ചിഹ്നമാണ് ചൂൽ. അതുപോലും സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ അഴുക്ക് വർധിക്കുന്നതിനനുസരിച്ച് ചൂലിന്റെ ആവശ്യകതയും പ്രസക്തിയും കൂടിക്കൊണ്ടിരിക്കും. അതു തന്നെയായിരിക്കും മാധ്യമപ്രവർത്തന സ്വഭാവത്തിൽ സംഭവിച്ചതുപോലെ ഉണ്ടാവുക.

 

കാരശ്ശേരി മനസ്സിലാക്കേണ്ടത് മൂർത്തമായ വ്യക്തതയിൽ നിന്നാണ് ഗാന്ധിജി പ്രസ്ഥാനം ആരംഭിച്ചതും വികസിപ്പിച്ചതും വിജയിപ്പിച്ചതും. എവിടെയൊക്കെ ആ ദർശനം നടപ്പാക്കുന്നതിൽ അണുവിട വ്യതിയാനം വന്നിട്ടുണ്ടോ അവിടെയൊക്കെ ഗാന്ധിജി ഇടപെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അവശേഷിപ്പുകളാണ് ഇന്നും നാമനുഭവിക്കുന്ന ചില നല്ല കാര്യങ്ങൾ. ആ കാഴ്ചപ്പാടിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായിരുന്നു അഹിംസ. വാക്കിൽ പോലും ഗാന്ധിജി ആരെയും നോവിച്ചിരുന്നില്ല. ആർക്കെതിരെയാണോ പോരാടുന്നത് അവരെ ശത്രുവായി കണ്ടില്ല. അതുകൊണ്ടാണ് അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നത്, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ അവർ നമ്മുടെ നല്ല സുഹൃത്തുക്കളായിരിക്കണമെന്ന്. ആ വാചകം തന്നെ നോക്കൂ. ബ്രീട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമെന്നുള്ളതിൽ സംശയമില്ല എന്ന സന്ദേശം വിദഗ്ധമായി സന്നിവേശിപ്പിച്ച് ജനമനസ്സുകളിലേക്ക് വിന്യസിപ്പിച്ച് വ്യക്തിപരമായി ഓരോരുത്തർക്കും ഉയരാനും പ്രസ്ഥാനപ്രവർത്തനത്തിന് ദിശ ലഭിക്കുന്നതുമായ പ്രായോഗിക പ്രത്യയശാസ്ത്രവുമാണ് ആ ഒരൊറ്റ വാചകത്തിൽ ഗര്‍ഭസ്ഥമായിരിക്കുന്നത്. അവിടെയാണ് ഓരോ വാക്കും പൊതുസമൂഹത്തിൽ പ്രയോഗിക്കുമ്പോൾ സൂക്ഷ്മമായി വേണമെന്ന് പറയുന്നത്. എങ്ങനെ ഉപോയോഗിച്ചാലും സൂക്ഷ്മതലങ്ങൾ ജനമനസ്സുകളിലേക്ക് അറിയാതെ പോകും. കാരശ്ശേരിയുടെ ഗാന്ധിയൻ പ്രവർത്തന രീതിയെക്കുറിച്ചുള്ള പരാമർശം  ഏറ്റവും നല്ല ഉദാഹരണം. ഇന്നു കാണുന്ന ആം ആദ്മി കൂട്ടം. തലയിൽ ഗാന്ധിത്തൊപ്പി. കാരശ്ശേരി പറയുന്നു, ഗാന്ധിയൻ പ്രവർത്തന രീതിയെന്ന്. ഗാന്ധിയൻ പ്രവർത്തനരീതിയുടെ നേർ വിപരീതമാണ് ആ പ്രവർത്തനം. അതിനാല്‍ കാരശ്ശേരിയുടെ ആ ഒറ്റപ്രസ്താവന ജനങ്ങളെ എത്രമാത്രം ഗാന്ധിജിയിൽ നിന്ന് അകലത്തേക്കു കൊണ്ടുപോകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഗാന്ധിസം വ്യക്തിയുടെ ശാന്തമായ മനസ്സിന്റെ സൂക്ഷ്മതലങ്ങളിലുടെ തെളിഞ്ഞുവരുന്നതാണ്. അല്ലാതെ ആൾക്കൂട്ടത്തിന്റെ കലങ്ങിമറിയലിൽ ഉണ്ടാവുന്ന തിരമാലപ്പതകളിലൂടെയല്ല.