Skip to main content
ന്യൂഡല്‍ഹി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോകാന്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടതായി പോലീസ്. പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ യാസിൻ ഭട്കലിനെ മോചിപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. ഡൽഹി പൊലീസ് ഇക്കാര്യം കെജരിവാളിനെ അറിയിക്കുകയും സെഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

രാഷ്ട്രീയത്തിലെ വി.ഐ.പി. സംസ്‌കാരം അവസാനിപ്പിക്കുമെന്ന് പറഞ്ഞ കെജ്‌രിവാള്‍ സുരക്ഷ സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ജീവനെക്കുറിച്ച് ആശങ്കയില്ലെന്നും സുരക്ഷ സ്വീകരിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. എന്നാല്‍ കെജ്‌രിവാളിന് അദ്ദേഹമറിയാതെ സുരക്ഷ നല്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഗാസിയാബാദിലെ കൗശാംബിയില്‍ താമസിക്കുന്ന കെജ്‌രിവാളിന് യു.പി പോലീസും സുരക്ഷ നല്കുന്നുണ്ട്.

 

ഭീകരനേതാവ് യാസിന്‍ ഭട്കലിനെ വിട്ടുകിട്ടാനാണ് ഭീകരര്‍ കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ടത്. ആഗസ്റ്റ് 27-നാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് യാസിന്‍ ഭട്കലിനെ അറസ്റ്റുചെയ്തത്.

 
2010 ഏപ്രിലില്‍ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഭട്കലിനെ ചോദ്യം ചെയ്യാന്‍ കര്‍ണാടക പോലീസിന് എന്‍.ഐ.എ. കോടതി കഴിഞ്ഞദിവസം അനുമതി നല്കിയിരുന്നു. അഹമ്മദാബാദ്, സൂറത്ത്, ബാംഗ്ലൂര്‍, പുണെ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഭട്കലിന് പങ്കുണ്ടെന്ന് എന്‍.ഐ.എ. പറയുന്നു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഭട്കല്‍ സ്വദേശിയാണ് യാസിന്‍.