Skip to main content

modi, kejrival and rahul

 

2014 പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് തെളിയുന്ന ചിത്രം പ്രത്യക്ഷത്തിൽ അവ്യക്തമാണെന്ന് തോന്നുന്നുവെങ്കിലും അവ്യക്തതയുടെ കാര്യത്തിലെ വ്യക്തത വളരെ വ്യക്തമാണ്. നരേന്ദ്ര മോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. യു.പി.എയുടേത് കോൺഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിനിടെ ദില്ലി  ആവർത്തിക്കാനായി ആം ആദ്മി പാർട്ടിയുടെ ദേശീയ പടപ്പുറപ്പാട് ജനുവരി 10-ന് ആരംഭിച്ചിരിക്കുന്നു. കോൺഗ്രസ്സിനും ബി.ജെ.പിക്കും  മറ്റ് കക്ഷികളുടെ പിന്തുണയില്ലാതെ പലയിടത്തും മത്സരിക്കുക പ്രയാസം. എന്നാൽ ആ കൂട്ടുകെട്ട് സംബന്ധിച്ച അവ്യക്തത മാറ്റമില്ലാതെ തുടരുന്നു. ഈ രണ്ട് പാർട്ടികളുടേയും ദൗർബല്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ആം ആദ്മി പാർട്ടി  തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. സാമ്പ്രദായിക പാർട്ടികളെക്കുറിച്ചുളള മതിപ്പില്ലായ്മയും അതൃപ്തിയും പരമാവധി മുതലാക്കുക എന്ന ശരാശരി തന്ത്രമാണ് ആം ആദ്മി പാർട്ടി പ്രയോഗിക്കുന്നത്. ആ പ്രയോഗവിജയത്തിന്റെ ഉദാഹരണമാണ് അവർക്ക് ദില്ലിയിൽ കിട്ടിയ അംഗീകാരം. അതാകട്ടെ ഏറ്റവും ചിലവു കുറഞ്ഞ വഴിയിലൂടെ. മുഖ്യധാരാ മാധ്യമങ്ങളുടെ മാധ്യമപ്രവർത്തന ശൈലി സ്വീകരിച്ചുകൊണ്ട് നല്ല വാർത്തകളാകാൻ പാകത്തിലുള്ള പ്രചാരണ പരിപാടികളാണ് ആം ആദ്മി പാർട്ടി നടത്തുക. ഒന്നുകൂടി വ്യക്തമായി  പറഞ്ഞാൽ വാർത്താസ്വഭാവമുള്ള പരിപാടികൾ. അതുകൊണ്ടാണ് മിക്ക ചാനലുകളും ആം ആദ്മി പാർട്ടിയുടെ പ്രചാരണായുധം പോലെ  അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും ആംഗലേയ ചാനലുകൾ. ഇന്റർനെറ്റിലും അവർ പിന്തുടരുന്നത് നെറ്റിലെ സോഷ്യൽ നെറ്റ്വർക്ക് കൂട്ടായ്മയുടെ അടിസ്ഥാന സ്വഭാവത്തോട് ചേർന്നു നിന്നുകൊണ്ടുള്ള തന്ത്രങ്ങളാണ്.

 

ഇത്തരത്തിൽ ഒരു വശത്ത് ആം ആദ്മി പാർട്ടി പദ്ധതികൾ തയ്യാറാക്കുമ്പോൾ മറുഭാഗത്ത് ബി.ജെ.പിയും കോൺഗ്രസ്സും അന്താരാഷ്ട്ര പബ്‌ളിക് റിലേഷൻസ് ഏജൻസികളിലൂടെ തങ്ങളുടെ നേതാക്കളുടെ മുഖം മിനുക്കി തിരഞ്ഞെടുപ്പിൽ സാധ്യത വർധിപ്പിക്കാനുള്ള  പരിശ്രമത്തിലാണ്. നരേന്ദ്രമോഡി മുഖം മിനുക്കാൻ ഏർപ്പാടാക്കിയിരിക്കുന്നത് യു.എസ് ലോബിയിംഗ് കമ്പനിയായ ആപ്‌കോ വേൾഡ് വൈഡിനെ. കോൺഗ്രസ്സ് പാർട്ടി വാർത്ത നിഷേധിച്ചുവെങ്കിലും ജെനെസിസ് ബര്സണ്‍-മാര്‍സ്ടെല്ലര്‍, ജാപ്പനീസ് കമ്പനി ഡെന്റ്സു എന്നീ രണ്ട് ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നറിയുന്നു. അഞ്ഞൂറ് കോടിയാണ് മുഖം മിനുക്കൽ യജ്ഞത്തിനുളള ഈ കമ്പനികളുടെ ഫീസ്. തങ്ങൾക്ക് നേതാവിന്റെ മുഖം മിനുക്കാൻ ഏജൻസികളുടെ ആവശ്യമില്ലെന്നാണ് കോൺഗ്രസ്സ് പറയുന്നത്. ഇതെല്ലാം കാണിക്കുന്നത് 2014 പൊതുതെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ രാഷ്ട്രീയ രംഗത്ത് നിലനിൽക്കുന്ന അവ്യക്തതയും ആശയക്കുഴപ്പവുമാണ്. പദ്ധതികളോ പരിപാടികളോ, നിലവിലുള്ള സർക്കാർ നടപ്പാക്കിയ പരിപാടികളോ ഒന്നും തന്നെ ചർച്ചാവിഷയമാകുന്ന ലക്ഷണം കാണുന്നില്ല. ഈ മുഖ്യധാരാരാഷ്ട്രീയ പാർട്ടികളുടെ പോരായ്മ ഉയർത്തിക്കാട്ടുകയാണ് ആം ആദ്മി പാർട്ടിയുടെ തന്ത്രം.

 

pr agenciesലോകം പുതുയുഗത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിലാണ്. ആ ഘട്ടത്തിലുണ്ടാവുന്ന അവ്യക്തതയും ആശയക്കുഴപ്പവുമൊക്കെ തികച്ചും സ്വാഭാവികം തന്നെ. അതിനാൽ അതിൽ അത്ഭുതപ്പെടുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. എന്നിരുന്നാലും ഈ അവ്യക്തതയിൽ നിന്ന് വ്യക്തമായി തെളിയുന്ന ഒരു ചിത്രമുണ്ട്. അത് രാജ്യം നേരിടുന്ന നേതൃത്വരാഹിത്യമാണ്. ഒപ്പം രാജ്യം ഒരു നേതാവിനെ അതിദാഹത്തോടെ കാത്തിരിക്കുന്നു. ആ നേതാവിന് ചില ഗുണഗണങ്ങൾ ജനം പ്രതീക്ഷിക്കുകയും ചെയ്യുന്നു.  ആ ദാഹശമനത്തിന് പരിഹാരം കാണാൻ പി.ആർ ഏജൻസികൾക്കോ പരസ്യ ഏജൻസികൾക്കോ കഴിയുകയില്ല. അത് മനസ്സിലാക്കാൻ പോലും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിന് കഴിയാതെ വരുന്നു. നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും.

 

യഥാർഥ നേതാവിനെ ഇന്ത്യ ദാഹത്തോടെ കാത്തിരിക്കുന്ന എന്നതിന്റെ തെളിവാണ് തുടക്കത്തിൽ അണ്ണാ ഹസ്സാരെയ്ക്ക് കിട്ടിയ അഭൂതപൂർവ്വമായ പിന്തുണ. ഹസ്സാരെ ചെയ്തത് ഗാന്ധിസ്മരണയെ തന്റെ വേഷത്തിലൂടെയും ഭാവത്തിലൂടെയും ജനങ്ങളിൽ ഉണർത്തുകയാണ്. ജനം നവഗാന്ധിയെ ഹസ്സാരെയിൽ കാണാനുള്ള വാഞ്ച പ്രകടമാക്കി. ഗാന്ധിസത്തേക്കുറിച്ചും ഗാന്ധിജിയേക്കുറിച്ചും വലിയ ധാരണയില്ലാത്ത ആംഗലേയ മാധ്യമങ്ങൾ ഹസ്സാരെയെ ഗാന്ധിയനായി ചിത്രീകരിക്കുകയും കൂടി ചെയ്തപ്പോൾ  അഴിമതിക്കെതിരെയുള്ള  പോരാട്ടത്തിന് ഉയർത്തിഴുന്നൽപ്പിന്റെ ശക്തിയുണ്ടായി. എന്നുവെച്ചാൻ മനുഷ്യൻ സ്വതസിദ്ധമായി സത്യത്തോടു കൂറുപുലർത്താൻ ആഗ്രഹിക്കുന്നവനാണ്. ആ ഉയർത്തിഴുന്നേൽപ്പിൽ പ്രത്യക്ഷമായും പരോക്ഷവുമായി പങ്കാളിയാവുക വഴി ശരാശരി മനുഷ്യന് സത്യത്തോട് ചേർന്ന്‌ നിൽക്കാനുള്ള അവസരം ലഭ്യമായി. കുറച്ചു കഴിഞ്ഞപ്പോൾ ജനം കാര്യങ്ങൾ മനസ്സിലാക്കി. ഹസ്സാരെയോട് അഹിതം കാട്ടിയില്ലെങ്കിലും പഴയ രീതിയിലുള്ള ആവേശത്തോടെയുള്ള സമീപനം ഇല്ലാതെയായി. എന്നാൽ ഹസ്സാരെയിലൂടെയുള്ള ജനപ്രീതിയെ അതിവിദഗ്ധമായി പ്രയോജനപ്പെടുത്താൻ അരവിന്ദ് കേജ്രിവാളിനും കൂട്ടർക്കും കഴിഞ്ഞു. ഗാന്ധിത്തൊപ്പിയേയും അഴിമതിക്കെതിരെയുള്ള പോരാട്ടത്തേയും രാഷ്ട്രീയമായി ഉപയോഗിച്ചു. ഗാന്ധി  സ്വാതന്ത്ര്യസമരത്തിൽ പ്രയോഗിച്ച ചില നിയമനിഷേധങ്ങൾക്ക് സമമായ നിയമനിഷേധത്തിലുമൊക്കെ കേജ്രിവാൾ ഇടപെട്ടു.  ഒപ്പം തൊപ്പിക്കു പുറമേ ഗാന്ധിജിയേയും സ്വാതന്ത്ര്യസമരത്തേയും ഇടയ്ക്കിടെ ഓർമ്മിപ്പിക്കുകയും ചെയ്തു.  അവിടെയെല്ലാം കേജ്രിവാൾ ചെയ്തത് ഇന്ത്യൻ ജനതയുടെ  സുതാര്യവും ശക്തിയും സത്യസന്ധതയുമുള്ള നേതാവിനുവേണ്ടിയുള്ള ദാഹമാണ്.

 

ദില്ലിയിൽ നടത്തിയ പരീക്ഷണം രാജ്യത്തെമ്പാടും നടത്താൻ  ആം ആദ്മി പാർട്ടിക്ക് സാധിക്കുക പ്രയാസകരമായിരിക്കും. നാഗരിക അക്ഷമയുടെ വിളവെടുപ്പാണ് കേജ്രിവാളും കൂട്ടരും നടത്തിയതും നടത്തുന്നതും. തങ്ങൾ മാത്രം ശരിയും മറ്റുള്ളവരെല്ലാം മോശക്കാരുമെന്ന വീക്ഷണമാണ് ആം ആദ്മിയുടേതായി  പ്രചരിക്കപ്പെടുന്നത്. അറിയാതെയാണെങ്കിലും,  അജ്ഞതയുടെ അന്ധകാരത്തിൽ തുടരുമ്പോഴും രാജ്യത്തിന്റെ പൈതൃക സംസ്കാരത്തിന്റെ  അനുകൂല സ്വാധീനത്താൽ പരാധീനതകളുടെ നടുവിലും  സമാധാനശീലരായി കഴിയുന്ന ഭൂരിപക്ഷം ഇന്ത്യന്‍ ജനത അത് എത്രകണ്ട് സ്വീകരിക്കുമെന്ന് പറയുക പ്രയാസമാണ്. അരവിന്ദ് കേജ്രിവാൾ ഇതുവരെ നേടിയെടുത്തിട്ടുള്ള വ്യക്തിത്വ മഹിമ  മറ്റുള്ളവർ  ഇതുവരെ ചെയ്തതിന് വിപരീതമായി കാര്യങ്ങൾ ചെയ്തുകൊണ്ടാണ്. അതിനാൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ദില്ലിയിൽ ഒരു കൂട്ടായ്മയുണ്ടാക്കാൻ കഴിഞ്ഞതിനപ്പുറം മറ്റ് സ്ഥലങ്ങളിൽ നിന്ന് സംശുദ്ധരായ നേതാക്കളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലുണ്ടായിരുന്ന എല്ലാ സംവിധാനങ്ങളും നന്നായി ഉപയോഗിച്ച് സാമ്പത്തികമായ എല്ലാ നേട്ടവുമുണ്ടാക്കിയിട്ടുള്ളവർ ഇപ്പോൾ ആം ആദ്മിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ തങ്ങൾക്ക് ഇതുവരെ നേട്ടമുണ്ടാക്കാൻ സഹായകമായിരുന്ന  സാഹചര്യങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് അതിനെതിരെ പൊരുതാനുള്ള സമീപനം.  സാമ്പത്തിക പരിഷ്കരണത്തിന്റെ ഫലമായുണ്ടായ സാമൂഹികാന്തരീക്ഷമാണ് ആം ആദ്മിയിലേക്ക്  ആകർഷിക്കപ്പെട്ടിട്ടുള്ള മിക്ക നേതാക്കളേയും അണികളേയും സാമ്പത്തികമായി ഭദ്രമാക്കിയത്.  അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് മാറിയ സാഹചര്യത്തിൽ ഒരു സാമ്പത്തിക വീക്ഷണം എന്തായിരിക്കുമെന്ന് ആം ആദ്മി പാർട്ടിക്ക് ഇതുവരെ മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതേ സമയം കോൺഗ്രസ്സും ബി. ജെ.പിയും ഒരേ സാമ്പത്തിക നയം മുന്നോട്ടു വയ്ക്കുന്നു. ഗുജറാത്ത് മാതൃകയെ മോഡി ഉയർത്തിക്കാട്ടുന്നു. ആ മാതൃക തന്നെയാണ് കോൺഗ്രസ്സും യു.പി.എയും മുന്നോട്ട് വയ്ക്കുന്നത്. ആ  സാമൂഹിക-സാമ്പത്തിക മാതൃകയിൽ ഗാന്ധിജിയെ പോലെ പ്രവർത്തിക്കുന്ന നേതാവിനെയാണ് നാഗരിക സമൂഹവും ആംഗലേയ ചാനലുകളും മുന്നോട്ടു വയ്ക്കുന്ന നേതൃത്വ മാതൃക. അതാണ് അരവിന്ദ് കേജ്രിവാൾ കൊയ്തതും കൊയ്യാൻ ശ്രമിക്കുന്നതും.

 

മാറ്റത്തിന്റെ ഈ സന്ദർഭത്തിൽ മാറ്റത്തിന്റെ പ്രത്യേകതകളെ ഉൾക്കൊണ്ടുകൊണ്ട് സുതാര്യവും സത്യസന്ധവും സർഗ്ഗാത്മകവുമായ സമൂഹ നിർമ്മിതിയുടെ സ്വപ്നം പങ്കുവയ്ക്കുകയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ഒരു നേതാവിനു വേണ്ടിയാണ് ഇന്ത്യ ഇന്ന് ദാഹത്തോടെ കാത്തിരിക്കുന്നത്. ആ നേതാവിന്റെ ആവിർഭാവം വരെ കാത്തിരിക്കുകയല്ലാതെ അതിനു പരിഹാരമില്ല. അതിന്റെ അഭാവം മൂലമാണ് 2014 തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ഉണ്ടാവുന്ന അവ്യക്തത. അഭാവമാണെന്നുള്ള തിരിച്ചറിവ് അഭാവത്തെക്കുറിച്ചുള്ള വ്യക്തതയും ലഭ്യമാക്കുന്നു. ആ ദിശയിലേക്കുള്ള വിരൽ ചൂണ്ടലാണ് ആം ആദ്മി പാർട്ടിയുടെ സാന്നിദ്ധ്യം ഓർമ്മിപ്പിക്കുന്നത്. തെളിച്ചമുള്ള മുഖം തന്നെയാണ് നേതാക്കൾക്ക് വേണ്ടതെന്നുള്ള അടിസ്ഥാന അറിവ് തന്നെയാണ് നേതാക്കളുടെ മുഖം മിനുക്കാൻ കോടികൾ കൊടുത്ത് മുന്നണികളും പാർട്ടിയും വിദേശ ഏജൻസികളുടെ സഹായം തേടുന്നതും. ശരിയാണ്, നേതാവിന്റെ മുഖം തിളങ്ങണം. അത് സ്വതസിദ്ധമായി തിളങ്ങണോ അതോ ബ്യൂട്ടീപാർലർ തിളക്കം മതിയോ എന്നുള്ളതാണ്.