Skip to main content
ന്യൂഡല്‍ഹി

delhi assembly

 

അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി മന്ത്രിസഭ ഡെല്‍ഹി നിയമസഭയില്‍ വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിജയിച്ചു. ആം ആദ്മി പാര്‍ടി മന്ത്രിസഭ 70 അംഗ നിയമസഭയില്‍ ശബ്ദ വോട്ടെടുപ്പില്‍ ആണ് ഭൂരിപക്ഷം തെളിയിച്ചത്. ബി.ജെ.പി പ്രമേയത്തെ എതിര്‍ത്തു.

 

ഡിസംബര്‍ നാലിന് നടന്ന തെരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്ക് 28 സീറ്റുകളാണ് ലഭിച്ചത്. എട്ടു സീറ്റുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കി. 31 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂപീകരിക്കാന്‍ ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായത്.

 

സ്വാതന്ത്ര്യത്തിന് 66 വര്‍ഷങ്ങള്‍ക്ക് ശേഷവും സാധാരണക്കാരന് ഭക്ഷണവും വീടും സുരക്ഷയും സത്യസന്ധമായ ഭരണവും ലഭിക്കാത്ത അവസ്ഥയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നോ സ്വപ്നത്തില്‍ പോലും കരുതാതിരുന്ന സാധാരണക്കാരായ തങ്ങളെ ഇപ്പോള്‍ നിയമസഭയിലെത്തിച്ചതെന്ന് കേജ്രിവാള്‍ വിശ്വാസപ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു. സാധാരണക്കാര്‍ക്ക് പൊരുതാനുള്ള ശേഷിയില്ലെന്ന് കരുതിയത് രാജ്യത്തെ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ അബദ്ധമാണെന്നും കേജ്രിവാള്‍ പറഞ്ഞു.

 

മന്ത്രി മനീഷ് സിസോദിയ ആണ് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. അംഗങ്ങള്‍ പാര്‍ട്ടി വ്യത്യാസങ്ങള്‍ക്കുപരിയായി സര്‍ക്കാറിനെ പിന്തുണക്കണമെന്ന് സിസോദിയ അഭ്യര്‍ഥിച്ചു. രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന അഴിമതിയോടും വി.ഐ.പി സംസ്കാരത്തോടും പൊരുതാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

എ.എ.പി കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചതിനെ ബി.ജെ.പി നേതാവ് ഹര്‍ഷ വര്‍ദ്ധന്‍ വിമര്‍ശിച്ചു. അഴിമതിക്കാരെന്നും തുടര്‍ച്ചയായി വിളിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ പിന്തുണയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹര്‍ഷ വര്‍ദ്ധന്‍ ഓര്‍മിപ്പിച്ചു. എ.എ.പി മന്ത്രിമാരുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രചാരണ തന്ത്രമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

 

എ.എ.പി ഡെല്‍ഹി നിവാസികള്‍ക്ക് ഗുണകരമായ പ്രവൃത്തികള്‍ തുടരുന്നിടത്തോളം കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ്ങ് ലവ്ലി ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. അതേസമയം, എ.എ.പി സര്‍ക്കാര്‍ നല്‍കിയ ജല-വൈദ്യുത സബ്‌സിഡികളെ ചോദ്യം ചെയ്ത ലവ്ലി തീരുമാനങ്ങള്‍ സാവകാശത്തോടെ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചു.

 

ചര്‍ച്ചയ്ക്കിടെ ജനതാദള്‍ (യു) അംഗം ഷോയ്ബ് ഇഖ്ബാല്‍ രാമ ക്ഷേത്രം ഉള്‍പ്പടെ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ലെന്ന് ബി.ജെ.പിയെ വിമര്‍ശിച്ചത് സഭയില്‍ ബഹളത്തിനിടയാക്കി.

 

അധികാരമേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഡെല്‍ഹി നിവാസികള്‍ക്ക് എല്ലാ ദിവസവും 700 ലിറ്റര്‍ വെള്ളം ഉറപ്പ് വരുത്തുന്നതിനും വൈദ്യുത നിരക്ക് കുറയ്ക്കുന്നതിനും ആവശ്യമായ നടപടികള്‍ എ.എ.പി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ ബംഗ്ലാവുകളും പ്രത്യേക സുരക്ഷയും ചുവന്ന ബീക്കണ്‍ ലൈറ്റുകളും കേജ്രിവാളും മന്ത്രിമാരും നിരാകരിക്കുകയും ചെയ്തു.

Tags