പാചകവാതകത്തിന്റെ വില പുതുവത്സര ദിനത്തില്‍ എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ ഒന്നിന് 220 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതിന് 350 രൂപയുമാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധമറിയിച്ചെന്നും കേരളത്തില്‍ നികുതിയിലുള്ള അധികവരുമാനം സംസ്ഥാന സര്‍ക്കാര്‍ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതോടെ സബ്സിഡി സിലിണ്ടറുകളില്‍ നാമമാത്രമായ വര്‍ധനയെ ഉണ്ടാകൂ.
പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടുന്നതായും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്ന്‍ മുതല്‍ രാജ്യവ്യാപകമായി പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കാനുള്ള തീരുമാനമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ 97 ശതമാനം പേര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെങ്കിലും ബാങ്ക് അക്കൊണ്ടുമായി ഇത് ബന്ധിപ്പിച്ചവര്‍ 57 ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വില വര്‍ധിപ്പിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു. ഉയര്‍ത്തിയ വില രണ്ട് മാസത്തേക്ക് ഈടാക്കില്ലെന്നും ഇതിന് പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.