Skip to main content
ന്യൂഡല്‍ഹി

AAP, ആം ആദ്മി പാര്‍ട്ടി തുടക്കത്തില്‍ തന്നെ അഗ്നിപരീക്ഷ നേരിടുന്നു. എല്ലാ  സുതാര്യമെന്നും ജനങ്ങളുടെ മുഴുവന്‍ അറിവോടെ കാര്യങ്ങള്‍ ചെയ്യുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടി നേതാവ് മുഖ്യമന്ത്രിയാകാനും പോകുന്ന അരവിന്ദ് കേജ്രിവാള്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളുടെ അതേ നിലപാട് പാര്‍ട്ടികാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സ്വീകരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കേജ്രിവാളിന് പറയേണ്ടി വന്നു. എന്നാല്‍ യഥാര്‍ഥ വസ്തുത മറിച്ചും.

 

പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ സംഭവികാസങ്ങളെ മറച്ചുവച്ചുകൊണ്ട് അവാസ്തവമായ മറ്റൊരു വസ്തുത ജനസമക്ഷം പറയേണ്ടി വരുന്നു എന്നതാണ് അതിന്നര്‍ഥം. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതും ചെയ്യുന്നതുപോലെ തന്നെ അഴിമതിയുടെ നിര്‍വചനത്തില്‍ പെടുന്നതാണ്. എന്നാല്‍ കേജ്രിവാളിന്റെ നിര്‍വചനത്തില്‍ കോഴ വാങ്ങുന്നതു മാത്രമേ അഴിമതിയുടെ പരിധിയില്‍ വരുന്നുള്ളു എന്നതുപോലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന പ്രകടമാക്കുന്നത്.

   

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മിനഗറില്‍ നിന്നുള്ള എം.എല്‍.എ വിനോദ്കുമാര്‍ ബിന്നിയാണ് പാര്‍ട്ടിക്കുള്ളില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കലാപം അഴിച്ചുവിട്ടത്. ആ വസ്തുതയെ മൂടി വെക്കാനുള്ള ശ്രമമായി മാറി തന്റെ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന കേജ്രിവാളിന്റെ പരസ്യ പ്രസ്താവന. കോണ്‍ഗ്രസില്‍  നിന്ന്‍ രാജിവച്ചാണ് ബിന്നി ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നതും ജയിച്ചതും. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രയോഗിക്കപ്പെടാറുള്ള അതേ തന്ത്രമാണ് ബിന്നി ആം ആദ്മി പാര്‍ട്ടിയിലും കാണിച്ചിരിക്കുന്നത്. മറ്റേത് പാര്‍ട്ടിയിലെ  നേതാക്കളെയും പോലെ കേജ്രിവാള്‍ തന്റെ പാര്‍ട്ടിയിലെ അന്ത:ഛിദ്രത്തെ നിഷേധിക്കുകയും ചെയ്യുന്നു. മൂല്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന് വസ്തുതകള്‍ മറച്ചു വയ്ക്കേണ്ടിവന്നു. തന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിപരീതമായി കേജ്രിവാളിനു പ്രവര്‍ത്തിക്കേണ്ടി വരുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Tags