Skip to main content
ന്യൂഡല്‍ഹി

arvind kejriwalഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) മന്ത്രിസഭ രൂപീകരിക്കും. പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയായി ഡിസംബര്‍ 26 വ്യാഴാഴ്ച ഡെല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 

ഇന്ന്‍ (തിങ്കളാഴ്ച) കാലത്ത് ചേര്‍ന്ന പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയാണ് തീരുമാനമെടുത്തത്. എട്ടു അംഗങ്ങളുള്ള കോണ്‍ഗ്രസ് എ.എ.പി മന്ത്രിസഭ രൂപീകരിച്ചാല്‍  പുറത്ത് നിന്ന്‍ പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇന്ന്‍ തന്നെ കേജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ കണ്ട് പാര്‍ട്ടി തീരുമാനം അറിയിക്കും.

 

സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനങ്ങളുടെ അഭിപ്രായം തേടാന്‍ എ.എ.പി തീരുമാനിച്ചതിന് പ്രതികരണമായി പത്ത് ലക്ഷത്തില്‍ അധികം മൊബൈല്‍ സന്ദേശങ്ങള്‍ ലഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഇതില്‍ 74 ശതമാനം പേരുടെയും അഭിപ്രായമെന്ന് പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. പാര്‍ട്ടി ഇതിനായി സംഘടിപ്പിച്ച 280 പൊതുയോഗങ്ങളില്‍ 257 എണ്ണത്തിലും സമാന അഭിപ്രായമാണ് ഉണ്ടായതെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

 

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ എ.എ.പി നിയമസഭയില്‍ രണ്ടാം സ്ഥാനക്കാരാണ്. 70 അംഗ സഭയില്‍ 31 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ കേജ്രിവാളിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും കേജ്രിവാള്‍ പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെടുകയും ചെയ്തു.

 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടേയും പിന്തുണ സ്വീകരിക്കുകയോ ആര്‍ക്കും  പിന്തുണ നല്‍കുകയോ ചെയ്യുകയില്ല എന്നായിരുന്നു എ.എ.പിയുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിലപാട്. പിന്നീട് ഇതില്‍ അയവ് വരുത്തിയ പാര്‍ട്ടി തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് കേജ്രിവാള്‍ കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ദേശീയ അധ്യക്ഷര്‍ക്ക് കത്തയച്ചിരുന്നു.

Tags