Skip to main content

election campaign

ഇന്ത്യ അടുത്ത പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ അടവുകള്‍ തുടങ്ങി. അടവില്‍ ആദ്യത്തെ ഘട്ടം തിരഞ്ഞെടുപ്പില്‍ ജയിക്കുക. അടുത്ത ഘട്ടം ഉരുത്തുരിയുന്ന അനിശ്ചിതത്വത്തില്‍ നന്നായി വിലപേശി പറ്റുമെങ്കില്‍ പ്രധാനമന്ത്രിസ്ഥാനം വരെ തരപ്പെടുത്തിയെടുക്കുക. വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സ്വഭാവം ഏതാണ്ട്  വ്യക്തമാണ്. പ്രാദേശികപാര്‍ട്ടികളുടെ മത്സരമായിരിക്കും മിക്ക സംസ്ഥാനങ്ങളിലും ഉണ്ടാവുക. പ്രധാന ദേശീയപാര്‍ട്ടികളായ കോഗ്രസ്സിന്റെയും ബി.ജെ.പിയുടെയുമൊക്കെ സ്ഥിതി അപൂര്‍വ്വം ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ പരിതാപകരമായിരിക്കും.

 

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ (യുണൈറ്റഡ്) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ശക്തിപ്രകടനം നടത്തി. ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടും ബീഹാറികള്‍ക്ക് രാജ്യം ഭരിക്കാനുള്ള അവകാശം ഓര്‍മ്മിപ്പിച്ചുകൊണ്ടും തന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കി ബീഹാറി വീര്യത്തിനു തിരികൊളുത്തി. അതിനടുത്ത ദിവസം കലൈഞ്ജര്‍ കരുണാനിധി  യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ശ്രീലങ്കന്‍ തമിഴരുടെ പേരില്‍ വംശീയവികാരം ഉണര്‍ത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ഇളയ മകന്‍ സ്റ്റാലിന്‍ രൂപം കൊടുത്ത തിരക്കഥയ്ക്കനുസരിച്ച് തമിഴകത്ത് കാര്യങ്ങള്‍ നീങ്ങുന്നത്. അതേ സമയം കേന്ദ്ര മന്ത്രി ബേനിപ്രസാദ് വര്‍മ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലയാം സിംങ് യാദവിനെ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു നടത്തിയ പ്രസ്താവന ഡി.എം.കെയുടെ പിന്തുണ പിന്‍വലിക്കലിനേക്കാള്‍ തലവേദന കോണ്‍ഗ്രസ്സിനു സൃഷ്ടിച്ചു. ഉടനടി മുലായത്തെ കാണാന്‍ സോണിയ തയ്യാറാവുകയും തുടര്‍ന്ന്‍ ബേനിപ്രസാദ് വര്‍മ പരസ്യമായി മാപ്പു പറയുകയുമുണ്ടായി. എങ്കിലും മുലായം തണുത്ത ലക്ഷണമില്ല. തണുക്കാനുള്ള സാധ്യതയും കുറവാണ്. കാരണം തിരഞ്ഞെടുപ്പിന്റെ ചൂടില്‍ മൂലായത്തിന് ഇത് വീണു കിട്ടിയ അവസരം. അതേ പോലെ തന്നെ കോണ്‍ഗ്രസ്സിന് സ്വാധീനം അവകാശപ്പെടാവുന്ന ആന്ധ്രയില്‍ തെലുങ്കാന രാഷ്ട്ര സമിതിയും സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തോടെ സടകുടഞ്ഞ് രംഗത്തുവന്നു കഴിഞ്ഞു.

 

ഇതിനിടെ കേന്ദ്രമന്ത്രി കമല്‍നാഥിന്റെ ഫോണ്‍ വിളിയെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു, തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബനര്‍ജി ആശയാധിഷ്ഠിത നിലപാട് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിദേശനയത്തിന്റെ കാര്യത്തില്‍ പൊതു താല്പര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ നയമാണ് തന്റെ പാര്‍ട്ടിയുടേതെന്ന നിലപാടാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതും തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട്കൊണ്ടുള്ള വിലപേശല്‍ തന്ത്രമാണ്. യു.പി.എ.യുടെ ഭാഗമായിരിക്കുമ്പോള്‍ ബംഗ്ലാദേശുമായുള്ള നദീജല കരാറില്‍ ഇന്ത്യയുടെ വിദേശനയത്തെ അട്ടിമറിക്കാന്‍ മടി കാണിച്ചിട്ടില്ല, മമത. ചുരുക്കത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ദേശീയ തിരഞ്ഞെടുപ്പില്‍ ഇത്രയധികം പ്രാദേശികമായി തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത് ഇതാദ്യമായിരിക്കും.

 

പ്രാദേശിക പാര്‍ട്ടികളുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് അടവുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന പൊതു ഘടകം രാജ്യത്തിന്റെ അഖണ്ഡതയുമായി ബന്ധപ്പെട്ടിരിക്കുന്നതു കാണാം. ഈ മുന്നേറ്റങ്ങളെല്ലാം അതാതു രാഷ്ട്രീയപാര്‍ട്ടികളെ നയിക്കുന്നവരുടെ ദില്ലിയിലെ അധികാരമോഹത്തില്‍ നിന്നാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മണ്ണിന്റെ മക്കള്‍ വാദത്തിലൂന്നിയ പ്രദേശികത്വമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ഇക്കുറി പരോക്ഷമായ രീതിയില്‍ വിഘടനവാദ വിത്തുകള്‍ വിതച്ചുകൊണ്ടാണ് ഈ പുറപ്പാടുകള്‍ നടത്തിയിരിക്കുന്നത്. മണ്ണിന്റെ മക്കള്‍ വാദം, ചിലയിടങ്ങളിലെങ്കിലും സങ്കുചിത വികാരമായി ചുരുങ്ങിയെങ്കിലും, വിശാലമായി ഇന്ത്യ എന്ന വൈവിധ്യത്തെ കേന്ദ്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ സഹായകം ആയിരുന്നു. പ്രധാനമായും കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ ചരിത്രപരമായി ഈ വൈവിധ്യത്തെ പ്രായോഗികമായി മനസിലാക്കാന്‍ തയ്യാറാകാഞ്ഞതില്‍ നിന്നാണ് പ്രാദേശിക പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചതും. സമകാലീന ഉദാഹരണങ്ങളും വ്യത്യസ്തമല്ല. ഇന്ത്യന്‍ ജനത തമിഴ് ജനതയും ഉള്‍പ്പെടുന്നതാണ് എന്ന ബോധം ഉണ്ടായിരുന്നെങ്കില്‍ ന്യൂഡല്‍ഹിയുടെ ശ്രീലങ്ക നയത്തില്‍ കാതലായ വ്യത്യാസമുണ്ടായേനെ. വിദര്‍ഭയിലും വയനാട്ടിലും ഒക്കെയുള്ള കര്‍ഷകരെ അറിയുമായിരുന്നെങ്കില്‍ ഇന്ത്യയുടെ വ്യാപാര കരാറുകള്‍ വേറൊരു രീതിയിലും എഴുതപ്പെടുമായിരുന്നു.

 

എന്നാല്‍, ഈ പ്രാദേശിക വാദം അപകടകരമായ തിരിവുകളിലേക്ക് പോകാം എന്ന ഈ അവസ്ഥയിലും ദേശീയ പാര്‍ട്ടികള്‍ എന്തെങ്കിലും ഗുണപരമായി ചിന്തിക്കുന്നു എന്ന് തോന്നുന്നില്ല. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഢിയെ നേരിട്ട പോലെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ. പരിശോധന നടത്തിയാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. രാഷ്ട്രം മുന്നില്‍ കാണുന്ന ധ്രുവീകരണത്തെ ക്രിയാത്മകമായോ ശക്തമായോ നേരിടാന്‍ പ്രാപ്തിയില്ലാത്ത കോണ്‍ഗ്രസ്സിന്റെയും പുതിയ സാഹചര്യങ്ങളെ എങ്ങിനെ തങ്ങള്‍ക്കനുകൂലമാക്കാമെന്ന് നിരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ബി.ജെ.പിയുടേയും ചിത്രങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ദയനീയമായ അവസ്ഥയെയാണ് വരച്ചുകാട്ടുന്നത്.

Tags