Skip to main content
മാലി

Abdulla Yameen

 

മാലിദ്വീപില്‍ പുതിയ പ്രസിഡന്റായി അബ്ദുള്ള യാമീന്‍ അബ്ദുല്‍ ഗയൂം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച നടന്ന രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയാണ് രണ്ടു വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് യാമീന്‍ അധികാരമേറ്റത്.

 

മുന്‍ ഭരണാധികാരി മൌമൂണ്‍ അബ്ദുല്‍ ഗയൂമിന്റെ അര്‍ദ്ധ സഹോദരനാണ് യാമീന്‍. സ്വേച്ഛാധിപത്യ രീതിയില്‍ അധികാരത്തിലിരുന്ന മൌമൂണിന്റെ ഭരണത്തിന് വിരാമിട്ട് 2008-ലാണ് ബഹുകക്ഷി ജനാധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപുരാഷ്ട്രത്തില്‍ നിലവില്‍ വന്നത്. അന്ന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൊഹമ്മദ്‌ നഷീദിനെയാണ് യാമീന്‍ പരാജയപ്പെടുത്തിയത്.

 

ആദ്യഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ക്കിടയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. മാലിദ്വീപ് പുരോഗമന പാര്‍ട്ടി സ്ഥാനാര്‍ഥിയായ യാമീന് 51.39 ശതമാനവും നഷീദിന് 48.61 ശതമാനവും വോട്ടാണ് ലഭിച്ചത്. 91.41 ശതമാനമായിരുന്നു പോളിംഗ്.

 

ആദ്യഘട്ടത്തില്‍ നഷീദ് 46.93 ശതമാനം വോട്ടു നേടിയിരുന്നു. യാമീന് 29.73 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. എന്നാല്‍, പിറ്റേന്ന് നടക്കേണ്ട രണ്ടാം ഘട്ടം സുപ്രീം കോടതി തടഞ്ഞ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ 23.34 ശതമാനം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തിയ ക്വാസിം ഇബ്രാഹിം യാമീന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

 

കോടതി-ഉദ്യോഗസ്ഥ ഇടപെടലുകള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പലവട്ടം തടസ്സപ്പെടുത്തിയിരുന്നു. രണ്ട് മാസത്തിനിടെ മൂന്ന്‍ തവണയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ആവര്‍ത്തിച്ചത്. സെപ്തംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് 45 ശതമാനത്തിലധികം വോട്ടു നേടിയിരുന്നെങ്കിലും സുപ്രീം കോടതി വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19-ന് നിശ്ചയിച്ച തെരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതായ കോടതി നിരീക്ഷണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് പോലീസ് തടഞ്ഞു. തുടര്‍ന്ന് നവംബര്‍ ഒന്‍പതിന് നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് മുന്നിലെത്തിയതിന് പിന്നാലെ കോടതി രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.

 

കോടതിയുമായും സുരക്ഷാ സേനയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് നഷീദ് കാലാവധി പൂര്‍ത്തിയാക്കാതെ 2012 ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. മുന്‍ സ്വേച്ഛാധിപതി മൌമൂണ്‍ അബ്ദുല്‍ ഗയൂമിനോട് കാലത്ത് നിയമിച്ച സൈനിക മേധാവികളും ന്യായാധിപരും നഷീദ് അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.        

Tags