Skip to main content
അഹമ്മദാബാദ്

സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ മന്മോഹന്‍ സിങ്ങും മോഡിയും തമ്മില്‍ വാക്‌പോര്. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരാണാര്‍ത്ഥം അഹമ്മദാബാദില്‍ ആരംഭിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനവേദിയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.

 

ആദ്യം പ്രസംഗം തുടങ്ങിയ നരേന്ദ്രമോഡി സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ വ്യത്യസ്തമായ ഇന്ത്യയാണ് ഉണ്ടാവുമായിരുന്നത് എന്ന് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയെ ഒരുമിപ്പിച്ച് മുന്നോട്ട് നയിക്കുന്നതില്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സര്‍ദാര്‍ പട്ടേലിന്റെ പങ്ക് നിര്‍ണായകമായിരുന്നെന്നും  അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇപ്പോള്‍ ഭീകരതയും മാവോവാദവും അടക്കമുള്ള പ്രശ്‌നങ്ങള്‍കൊണ്ട് എല്ലാ ഭാഗത്തുനിന്നും വെല്ലുവിളി നേരിടുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

 

പിന്നീട് പ്രസംഗിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സര്‍ദാര്‍ പട്ടേല്‍ മതേതരവാദിയായിരുന്നു എന്ന് പറഞ്ഞു. രാജ്യത്തിന്റെ ഐക്യമായിരുന്നു അദ്ദേഹത്തിനു പ്രധാനം. എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും എടുത്തുപറഞ്ഞു. അന്നത്തെ നേതാക്കള്‍ ഇന്ത്യയുടെ ഐക്യത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ന് അവര്‍ ജീവിച്ചിരുന്നെങ്കില്‍ മൂല്യങ്ങള്‍ ഇല്ലാതാകുകയാണെന്ന് സമ്മതിക്കുമായിരുന്നെന്നും  മന്‍മോഹന്‍ സിങ്ങ് കൂട്ടിച്ചേര്‍ത്തു.