Skip to main content
വാഷിംഗ്‌ടണ്‍

jp morgan

യു.എസ്സില്‍ 2007-ലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിച്ച നടപടികള്‍ക്ക് അന്വേഷണം നേരിടുന്ന ബാങ്ക് ജെ.പി മോര്‍ഗന്‍ 1300 കോടി ഡോളറോളം ഒത്തുതീര്‍പ്പ്‌ തുക നല്‍കി കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. യു.എസ് നീതിന്യായ വകുപ്പുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ഇത് സംബന്ധിച്ച ഉടമ്പടിയിലേക്ക് ബാങ്ക് എത്തിയതായാണ് സൂചന. ഒരു കമ്പനിയുമായി യു.എസ് സര്‍ക്കാര്‍ ഏര്‍പ്പെടുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ ഉടമ്പടിയായിരിക്കും ഇത്.

 

വായ്പകള്‍ കടപ്പത്രമാക്കി മാറ്റി നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ വിറ്റതാണ് പ്രതിസന്ധിയുടെ മൂലകാരണമായി വിലയിരുത്തപ്പെടുന്നത്. ഇത്തരം കടപ്പത്രങ്ങള്‍ക്ക് വേണ്ടി വായ്പകള്‍ പ്രോത്സാഹിപ്പിക്കുകയും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന്‍ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനാകാതെ ബാങ്കുകള്‍ അടച്ചു പൂട്ടുകയും ചെയ്യേണ്ടി വന്ന 2007-ലെ ധനകാര്യ പ്രതിസന്ധിയുമാണ് അടുത്ത വര്‍ഷം യു.എസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചത്.

 

ബാങ്ക് നേരിടുന്ന ക്രിമിനല്‍ നടപടികളില്‍ നിന്ന്‍ ഉടമ്പടി ബാങ്കിനെ വിമുക്തമാക്കുകയില്ലെന്ന് അറിയുന്നു. ധനകാര്യ പ്രതിസന്ധിയെ അതിജീവിച്ചെങ്കിലും പത്തിലേറെ ക്രിമിനല്‍ അന്വേഷണങ്ങളാണ് യു.എസ്സിലെ ഏറ്റവും വലിയ ബാങ്കായ ജെ.പി മോര്‍ഗന്‍ നേരിടുന്നത്. ചൈനയിലെ കോഴ ആരോപണങ്ങള്‍ മുതല്‍ പലിശനിരക്കുകള്‍ അവിഹിതമായി സ്വാധീനിക്കാന്‍ നടത്തിയ ശ്രമം വരെ ഇതിലുള്‍പ്പെടുന്നു.