Skip to main content
ന്യൂഡല്‍ഹി

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്. ഞായാറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമായത്.

 

കഴിഞ്ഞ ജൂണിലാണ് നരേന്ദ്ര മോഡിയെ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലാ അധ്യക്ഷനായി തിരഞ്ഞെടുത്തത്. എന്നാല്‍ പിന്നീട് മോഡിയെ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ മോഡിക്ക് പാര്‍ട്ടിയുടെ പ്രചരണവും സ്വന്തം നിലയിലുള്ള പ്രചരണവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടായേക്കും എന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തത് പാര്‍ട്ടിയില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പാര്‍ട്ടി ചുമതലകളില്‍ നിന്നു രാജിവക്കുകയും ചെയ്തിരുന്നു. പിന്നീട് ആര്‍.എസ്.എസ് ഇടപെട്ടാണ് ആദ്വാനിയെ തിരിച്ചുകൊണ്ടുവന്നത്.

 

ക്രിമിനല്‍ കേസുകളില്‍ പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സും യോഗത്തില്‍ ചര്‍ച്ചചെയ്തു.