Skip to main content

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രൊസിക്യൂഷന്‍. കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചക്ക് 1.45ന് പരിഗണിക്കുകയാണ്. പ്രൊസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കണമെന്നും കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയില്‍.

കേസിലെ നിര്‍ണായക തെളിവായ ഫോണുകള്‍ ദിലീപും മറ്റ് പ്രതികളും ഹാജരാക്കാത്തത് തെളിവ് നശിപ്പിക്കാനാണെന്നും പ്രൊസിക്യൂഷന്‍. ഗൂഢാലോചന നടത്താന്‍ ഉപയോഗിച്ച ഏഴ് മൊബൈല്‍ ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകളാണ് ദിലീപും മറ്റ് പ്രതികളും നല്‍കിയത്.

ജാമ്യഹര്‍ജി പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി ദിലീപിന് നിര്‍ദേശം നല്‍കിയിരുന്നു.

ഫോണുകള്‍ കൈമാറില്ലെന്നും തങ്ങളുടെ അഭിഭാഷകര്‍ മുഖേന ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, സഹായി അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികള്‍.