Skip to main content

മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രത്തിനെതിരെ മൊഫിയയുടെ കുടുംബം. ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീറിനെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും സി.ഐ സുധീറിനെ പ്രതിചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛന്‍ ദില്‍ഷാദ് പറഞ്ഞു. നിയമവിദ്യാര്‍ത്ഥി മൊഫിയയുടെ ആത്മഹത്യയില്‍ കഴിഞ്ഞ ദിവസമാണ് ആലുവ റൂറല്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

മൊഫിയയുടെ ഭര്‍ത്താവായ സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിങ്ങനെ മൂന്ന് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ ഗുരുതരമായ ആരോപണം ഉയര്‍ന്ന സി.ഐ സി.എല്‍ സുധീറിനെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇതിനെതിരെയാണ് മൊഫിയയുടെ കുടുംബം എതിര്‍പ്പ് ഉന്നയിച്ചിരിക്കുന്നത്.

''സി.ഐയെ പ്രതി ചേര്‍ത്തിട്ടില്ല എന്നത് വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. തെളിവുകളൊന്നും ഇല്ല എന്നാണ് പറയുന്നത്. തെളിവായിട്ട് ഞാനും മോളും മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളു. പിന്നെ കുറച്ച് പോലീസുകാരും പ്രതികളും. അതില്‍ സി.ഐക്കെതിരെ ആരെയാണ് തെളിവ് കൊടുക്കുക. അവിടെ ക്യാമറയുണ്ടല്ലോ. അത് നോക്കി കഴിഞ്ഞാല്‍ അറിയാന്‍ കഴിയും. മോളുടെ ആത്മഹത്യക്കുറിപ്പില്‍ ആദ്യം എഴുതിയത് സി.ഐയെ പ്രതി ചേര്‍ക്കണം എന്നാണ്. നടപടിയെടുത്തില്ലെങ്കില്‍ കോടതിയില്‍ പോകും.'' മൊഫിയയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ സി.എല്‍ സുധീറിനെതിരെ സര്‍ക്കാര്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എഫ്.ഐ.ആറിലും സി.ഐയുടെ പേര് പരാമര്‍ശിച്ചിരുന്നു.

സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് മൊഫിയ ആത്മഹത്യ ചെയ്തെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. മൊഫിയയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ഐ സുധീറിനെതിരായ പരാമര്‍ശം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്.