Skip to main content

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കുന്നത്. ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പി.സി.ആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് ഫലം ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ വൈറസിലെ എസ് ജീന്‍ കണ്ടെത്താനുള്ള കിറ്റ് എത്തിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഐ.സി.എം.ആര്‍ അനുമതി നല്‍കിയ പരിശോധന കിറ്റുകളും എത്തിത്തുടങ്ങിയിട്ടില്ല.

മൂന്നാം തരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി.പി.ആര്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണുള്ളത്. രണ്ടാം തരംഗത്തില്‍ 29.5 ശതമാനമായിരുന്ന ടി.പി.ആര്‍ ഇപ്പോള്‍ 35.27 ശതമാനമായി.