Skip to main content

കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്റെ കാരണം എന്തെന്ന് ഹൈക്കോടതി. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്‌സീന്‍ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍  84 ദിവസത്തിന് മുന്‍പ് കുത്തിവയ്പ്പിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള കിറ്റെക്‌സിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ്  കോടതിയുടെ പരാമര്‍ശം. ആദ്യ ഡോസ് വാക്‌സിനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റെക്‌സ് കോടതിയെ സമീപിച്ചത്. ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാം ഡോസിന്റെ ഇടവേള കുറച്ചുകൂടെ എന്നതില്‍ നിലപാട് അറിയിക്കാനും കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.