Skip to main content

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സി.പി.ഐ മെമ്പര്‍മാരാണ്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക് കാര്‍ഷിക വായ്പ അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രധാന ചോദ്യം. ബാങ്കിന്റെ പേരില്‍ ബിയല്‍റാം, വിലക്ക്, മുട്ടുകാട് എന്നിവിടങ്ങളില്‍ വാങ്ങിയ ഭൂമിയുടെ രേഖകള്‍ കൃത്യമാണോ എന്ന് അറിയിക്കണം. ബാങ്കിന്റെ പേരില്‍ ഒരു പെട്രോള്‍ പമ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ആ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങളും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പന്ത്രണ്ട് ചോദ്യങ്ങള്‍ക്കാണ് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. 

10 മാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെയാണ് കത്ത് പുറത്തു വിട്ടത്. 13 അംഗങ്ങളുള്ള ചിന്നക്കനാല്‍ ബാങ്കിന്റെ എല്‍.ഡി.എഫ് ഭരണ സമിതിയില്‍ 10 പേര്‍ സി.പി.എം അംഗങ്ങളാണ്. ബാക്കിയുള്ള മൂന്ന് സി.പി.ഐ അംഗങ്ങള്‍ ചേര്‍ന്നാണ് സെക്രട്ടറിക്ക് കഴിഞ്ഞ ജൂലൈയില്‍ കത്ത് നല്‍കിയത്. പ്രസിഡന്റും സി.പി.എം അംഗങ്ങളും ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്നും സി.പി.ഐക്ക് പരാതിയുണ്ട്. കത്തിന് സെക്രട്ടറി മറുപടി നല്‍കിയെന്നാണ് ബാങ്ക് പ്രസിഡന്റ് അളകര്‍ സ്വാമിയുടെ വിശദീകരണം. ഓഡിറ്റിംഗിന് ശേഷം കൂടുതല്‍ വ്യക്തമാക്കാമെന്നും പ്രസിഡന്റ് പറഞ്ഞു. 

എല്‍.ഡി.എഫ് ഭരണ സമിതിക്ക് എതിരെ സിപിഐ രംഗത്ത് വന്നതോടെ വരും ദിവസങ്ങളില്‍ സി.പി.എം സി.പി.ഐ തര്‍ക്കത്തിന് കാരണമായേക്കും. ഇതിനിടെ സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനും പൊതുപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടുപോലും ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്റെ ഭരണസമിതിക്ക് പോലും നല്‍കാത്ത സാഹചര്യമാണെന്നും അതാണ് ഇത്തരത്തിലൊരു പരസ്യ പ്രതികരണത്തിലേക്ക് എത്തിച്ചതെന്നും സി.പി.ഐ അംഗങ്ങള്‍ പറയുന്നു.