Skip to main content

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നത്. ചോദ്യോത്തരവേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ വന്നിട്ടില്ല.

കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്‌വക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ തന്നെ വിഷയം തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയുമായി സ്പീക്കര്‍ മുന്നോട്ട് പോയി. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമേ സഭാനടപടികളുമായി സഹകരിക്കു എന്ന്  പ്രതിപക്ഷം വ്യക്തമാക്കി. സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളുമായി ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും വ്യക്തമാക്കി.