Skip to main content

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷന്‍ പൂര്‍ണമാകുന്നതിനു മുന്‍പ് മൂന്നാം തരംഗമുണ്ടായാല്‍ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

കേരളത്തിലെ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ.ബാബു എം.എല്‍.എ ആരോപിച്ചു. കൊവിഡ് വിഷയം കഴിഞ്ഞ രണ്ട് ദിവസം ചര്‍ച്ച ചെയ്തതാണ്, അതിനാല്‍ അധികസമയം അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 

കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ഈ സര്‍ക്കാര്‍ പെറ്റി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്ന് പ്രമുഖരും ആരോഗ്യ വിദഗ്ധരും വിമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല നിയന്ത്രണങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയത്. പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.