Skip to main content

ഹൈറേഞ്ചിലെ മലനിരകളെ നീലപ്പട്ട് പുതപ്പിച്ച് നീലക്കുറിഞ്ഞി വസന്തം. ശാന്തന്‍പാറ പഞ്ചായത്തിലെ മലനിരകളിലാണ് ഈ വിസ്മയദൃശ്യം. കഴിഞ്ഞ മാസം ദൃശ്യവിരുന്നേകിയ കിഴക്കാതിമലനിരയോട് ചേര്‍ന്ന ശാലോംകുന്ന് മലനിരകളാണ് ഇപ്പോള്‍ നീലവര്‍ണമണിഞ്ഞത്. കിഴക്കാദിമല വളരെ മനോഹരമായ പുല്‍മേടാണ്.

ജൂണില്‍ മൂന്നേക്കറോളം ഭാഗത്താണ് പൂവിട്ടത്. ഇതിനുശേഷം പഞ്ചായത്തിലെ പുത്തടി മലനിരകളിലും കഴുതക്കുളം മേട്ടിലും വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. ശക്തമായ കാലവര്‍ഷത്തോടെ കുറിഞ്ഞിപ്പൂക്കള്‍ നിറംമങ്ങി കൊഴിഞ്ഞുവെങ്കിലും മഴ മാറി മാനം തെളിഞ്ഞതോടെ വീണ്ടും മൊട്ടിട്ടു. വിവിധ മലനിരകളിലായി പത്ത് ഏക്കറിലധികം കുറിഞ്ഞിച്ചെടികളുണ്ട്. 

ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് ശാലോംകുന്ന് യാക്കോബായ പള്ളിയുടെ മുന്നിലൂടെ രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളിലെത്താം. 

കഴിഞ്ഞ വര്‍ഷം ശാന്തന്‍പാറ പഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ തോണ്ടിമലയില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.