Skip to main content

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോര്‍ട്ടുചെയ്ത കൊവിഡ് കേസുകളില്‍ 49.85 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ 10 ജില്ലകളുള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളില്‍ കേസുകള്‍ കൂടിവരുന്നു. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവയാണ് കേരളത്തില്‍ തീവ്രവ്യാപനമുള്ള ജില്ലകള്‍. രാജ്യത്തെ കേസുകളുടെ 40.6 ശതമാനവും കേരളത്തിലെ 10 ജില്ലകളിലാണ്.

മഹാരാഷ്ട്രയിലെ മൂന്ന്, മണിപ്പുരിലെ രണ്ട്, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലെ ഓരോന്നുവീതവും ജില്ലകളിലും കേസുകള്‍ ഉയരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വൈറസിന്റെ വ്യാപനതീവ്രത മനസ്സിലാക്കാവുന്ന ആര്‍-നമ്പര്‍ ദേശീയതലത്തില്‍ ഇപ്പോള്‍ 1.2 ആയി ഉയര്‍ന്നു. കൊവിഡ് കൂടിക്കൊണ്ടിരിക്കുന്ന അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും 1.2 ആണ് ആര്‍-നമ്പര്‍. ഒന്നാംതരംഗം കുറഞ്ഞ വേളയില്‍ 0.88 വരെയായി ഇത് കുറഞ്ഞിരുന്നു. രാജ്യത്ത് ആര്‍ നമ്പര്‍ കൂടുതല്‍ ഹിമാചല്‍ പ്രദേശിലും ജമ്മുകശ്മീരിലുമാണ് (1.4). ലക്ഷദ്വീപില്‍ 1.3, തമിഴ്നാട്, കര്‍ണാടകം, മിസോറം എന്നിവിടങ്ങളില്‍ 1.2, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളില്‍ 1.1 എന്നിങ്ങനെയാണ് ഇത്.

ഇവിടങ്ങളിലെല്ലാം ഇത് കൂടിവരുന്ന പ്രവണതയാണ് കാണുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാണ, ഗോവ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആര്‍ നമ്പര്‍ ഒന്നാണ്. ഒരുലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ കേരളത്തിലേ ഉള്ളൂ-1,65,834. രാജ്യത്തെ മൊത്തം കേസുകളുടെ 40.95 ശതമാനം വരും ഇത്. 78,700 രോഗികളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത് (19.43 ശതമാനം). 10,000-ത്തിനും ഒരുലക്ഷത്തിനുമിടയില്‍ രോഗികളുള്ള എട്ട് സംസ്ഥാനങ്ങളുണ്ട്. 27 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,000-ത്തില്‍ താഴെയാണ്.