Skip to main content

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുന്‍ എം.എല്‍.എ. വി.ടി.ബല്‍റാം എന്നിവരുള്‍പ്പടെ ആറു പേര്‍ക്കെതിരേയാണ് കേസ്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്ത യുവാവും പാലക്കാട് യുവമോര്‍ച്ച ജില്ല പ്രസിഡന്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എം.എല്‍.എ വി.ടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യയുടെ വിശദീകരണം. പാഴ്‌സല്‍ വാങ്ങാനെത്തിയ തന്റെ കൈയില്‍ കയറി യുവാവ് പിടിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ അങ്ങനെ പെരുമാറിയതെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. സംഭവത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. ഈ പരാതിയിലാണ് പാലക്കാട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്.