Skip to main content

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും സാധാരണ രീതിയില്‍ ഷാള്‍ അണിയിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമായി മത്സരിക്കുകയും തര്‍ക്കിക്കുകയും ചെയ്യാമെന്നും എന്നാല്‍ നാടിന്റെ വികസനത്തിന് ഒരുമിച്ച് നില്‍ക്കാനാവണമെന്നും മോദിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസില്‍ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

''സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയെ കാണുന്നത് ഔപചാരിക ചടങ്ങാണ്. പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സാധാരണ രീതിയില്‍ ഷാള്‍ അണിയിച്ചിട്ടുണ്ട്. എന്താണ് അതില്‍ തെറ്റ്? അതേസമയം അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഞാന്‍ പറഞ്ഞിട്ടുണ്ട്, നമുക്ക് രാഷ്ട്രീയമായി മത്സരിക്കുകയും തര്‍ക്കിക്കുകയും ചെയ്യാം. എന്നാല്‍ നാടിന്റെ വികസനത്തിന് ഒരുമിച്ച് നില്‍ക്കാനാവണമെന്ന്. അദ്ദേഹം പറഞ്ഞത്, നാടിന്റെ വികസന കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാമെന്നുതന്നെയാണ്. തിരുവനന്തപുരത്തെ റിങ്ങ് റോഡ്, സില്‍വര്‍ ലൈന്‍, ജലപാത, ദേശീയപാത ഇവയ്ക്കൊക്കെ കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. അത്തരം കാര്യങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനോട് പറയാനാവണം. അതുമനസ്സിലാക്കാനുള്ള മനസ്ഥിതി നിങ്ങള്‍ക്കില്ല. നാടിന്റെ പുരോഗതിക്ക്, വികസനത്തിന് നവകേരള സൃഷ്ടിക്ക് ഒന്നിച്ചുനില്‍ക്കാനുള്ള മനോഭാവമാണ് വേണ്ടത്,'' മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ആരോപണം ബോധപൂര്‍വ്വം വസ്തുതകള്‍ മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ്. പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ നിയമപ്രകാരം വ്യക്തമായ അധികാരമുണ്ട്. '

ആദായ നികുതി വകുപ്പ് നിയമം 1961 ലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമം 2002 ലും ഇതില്‍ വ്യക്തമായ അധികാരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കേണ്ട ആവശ്യം ഇല്ല എന്നത് ഒരു പ്രാഥമിക വസ്തുതയായിരിക്കെ യാതൊരു പിന്‍ബലവും ഇല്ലാതെയാണ് ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.