നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ബി.ജെ.പിയ്ക്കെതിരെ കൂടുതല്‍ വിവരങ്ങളുള്ളത്.
മൂന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിയത്. ധര്മ്മരാജന് നേരിട്ടാണ് പണം എത്തിച്ചത്. കര്‍ണാടകയില്‍ നിന്നാണ് പണം കൊണ്ടുവന്നത്. ടോക്കണ്‍ ഉപയോഗിച്ചായിരുന്നു പണക്കൈമാറ്റം. കര്‍ണാടകയിലെത്തി ടോക്കണ്‍ കാണിച്ചാല്‍ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി കാണിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങള്‍ ധര്മ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊടകര കവര്‍ച്ചയ്ക്ക് ശേഷം ധര്മ്മരാജന് ഉടന്‍ തന്നെ ബി.ജെ.പി. അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചായിരുന്നു സുരേന്ദ്രനുമായി സംസാരിച്ചത്. ഇതുകൂടാതെ വിവിധ ബി.ജെ.പി. നേതാക്കളെയും ധര്മ്മരാജന് വിളിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊടകര കവര്‍ച്ച നടന്ന ദിവസത്തില്‍ 6.3 കോടി രൂപ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയില്‍ 3 ചാക്കുകെട്ടുകളായാണ് പണം എത്തിച്ചത്. ഇതില്‍ 6.3 കോടി രൂപ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.