Skip to main content

എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു. മുകേഷ് ചലചിത്രതാരം മാത്രമല്ല ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് എന്നും അത് മറക്കരുതെന്നും ജെ.അരുണ്‍ ബാബു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച വിഷയത്തിലായിരുന്നു പ്രതികരണം. നേരത്തെ എം.സി ജോസഫൈനെതിരെ നടപടിയെടുക്കണമെന്നും എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു.

അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് എം.എല്‍.എ കയര്‍ത്ത് സംസാരിക്കുന്നതും നമ്പര്‍ തന്ന കൂട്ടുകാരനെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് പറയുന്നതും പുറത്തുവന്ന ശബ്ദ രേഖയില്‍ കേള്‍ക്കാം. കൂട്ടിയോട് ദേഷ്യത്തില്‍ കയര്‍ത്ത് സംസാരിച്ച മുകേഷ് എന്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കുന്നില്ല. ആറ് തവണയൊക്കെ എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിച്ചാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്. വിദ്യാര്‍ത്ഥി സോറി പറയുമ്പോഴും മുകേഷ് കയര്‍ത്താണ് സംസാരിക്കുന്നത്.

മുകേഷ് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും, എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ബാലവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് മുന്നോട്ട് വന്നിരുന്നു.

ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ല . ഇതിന്റെ പേരില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ വരുന്നതെന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താന്‍ നേരിടുന്നത്. ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചതെന്നുമാണ് മുകേഷ് പറഞ്ഞത്.