Skip to main content

തമിഴ്നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്സിന് തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 3500 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ ഈ ക്ഷണം വന്നിരിക്കുന്നത്. 

തമിഴ്നാട് വ്യവസായ മന്ത്രിയുടെ വൈസ് പ്രസിഡന്റ് ഇതുസംബന്ധിച്ച് കിറ്റക്സിന് കത്തയച്ചു. തമിഴ്നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിക്കുന്നു എന്നാണ് കത്തിന്റെ ഉളളടക്കം. സബ്സിഡി, പലിശിയിളവ്, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നൂറുശതമാനം ഇളവ് തുടങ്ങി എട്ടോളം ആനുകൂല്യങ്ങളാണ് വാദ്ഗാനം ചെയ്തിട്ടുളളതെന്ന് കിറ്റക്സ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കിറ്റക്സ് അന്തിമതീരുമാനമെടുത്തിട്ടില്ല.

സ്ഥാപനത്തില്‍ ഒരു മാസത്തിനിടെ പതിനൊന്നോളം പരിശോധനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്സ് പിന്മാറിയത്. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങളും കിറ്റക്സ് ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തമിഴ്നാട്ടില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.