Skip to main content

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ കുറ്റ്യാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ തിരുത്തല്‍ നടപടിയുമായി സി.പി.എം. പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച് മുതിര്‍ന്ന സി.പി.എം നേതാവും കുറ്റ്യാടി എം.എല്‍.എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. കുറ്റ്യാടിയില്‍ നടന്ന വിമത നീക്കത്തെപ്പറ്റി സി.പി.എം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്. 

പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സി.പി.എം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയെ സി.പി.എം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 

അതേസമയം കെ.പി കുഞ്ഞമ്മദ് കുട്ടിക്കെതിരായ നടപടിയില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം അറിയിച്ചു. സംസ്ഥാന നേതൃത്വമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തീരുമാനമെടുത്താല്‍ അക്കാര്യം പാര്‍ട്ടി മാധ്യമങ്ങളെ അറിയിക്കുമെന്നും എളമരം കരീം പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വേരോട്ടമില്ലാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കുറ്റ്യാടി സീറ്റ് മത്സരിക്കാനായി വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കുറ്റ്യാടിയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റ്യാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവര്‍ കുഞ്ഞമ്മദ് കുട്ടിയെ അവിടെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടു നല്‍കാന്‍ മാണി വിഭാഗം തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേര് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.