Skip to main content

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇന്നലെ പ്രതിദിന കേസുകള്‍ പതിനായിരം കടന്നത് കേരളത്തില്‍ മാത്രമാണ്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസമായി ടി.പി.ആര്‍ മാറ്റമില്ലാതെ തുടരുകയാണ്. ടി.പി.ആറും ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഗോവയും മേഘാലയയുമാണ് ഇന്നലത്തെ കണക്കില്‍ തൊട്ടുപിന്നില്‍. 

തമിഴ്‌നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കൊവിഡ് രോഗികളാണുള്ളത്.

ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയും കര്‍ണ്ണാടകവുമാണ് മുന്നില്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിരോധമൊരുക്കി വ്യാപനം പിടിച്ചു നിര്‍ത്താനായതിനാലാണ് പ്രതിദിന കേസുകളുടെ എണ്ണം താഴേക്ക് വരുന്നതിന്റെ വേഗം സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ വിശദീകരിക്കുന്നു. വ്യാപനം പാരമ്യത്തിലെത്തുന്നത് വൈകിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തല്‍.