Skip to main content

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി. അറസ്റ്റ് കോടതിയെ അറിയിക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഹൈക്കോടതി.

കേസ് വിധി പറയാന്‍ മാറ്റിവച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഞായറാഴ്ച 4.30ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു.

ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ഐഷ  ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചത്. ബയോ വെപ്പണ്‍ എന്നവാക്ക്   ഇത്ര വലിയ പ്രശ്‌നം ആണ് എന്ന് അറിയില്ലായിരുന്നു എന്ന് ഐഷ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാര്‍ ആണ്. എന്നാല്‍ കസ്റ്റഡിയില്‍  എടുക്കേണ്ട ആവശ്യം ഇല്ല.  ആരെയും സ്വാധീനിക്കാന്‍ ശ്രമിക്കില്ല. വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. രാജ്യദ്രോഹക്കേസില്‍ സുപ്രീം കോടതിയുടെ സമീപകാല നിലപാടുകളും കണക്കില്‍ എടുക്കണം. പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയില്‍ പറഞ്ഞു.