Skip to main content

നെന്മാറയില്‍ പത്ത് വര്‍ഷം റഹ്‌മാന്‍ എന്നയാള്‍ സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം അസാധാരണവും അവിശ്വസനീയവുമാണെന്ന് വനിതാ കമ്മീഷന്‍. തേനും പാലും നല്‍കി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

വാര്‍ത്തയിലൂടെ അറിഞ്ഞാണ് വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും രാത്രി വരെ കാത്തിരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് കമ്മീഷന്‍ പരിഗണിച്ചത്. പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും പ്രണയിക്കാം, ഒരുമിച്ച് ജീവിക്കാം. എന്നാല്‍ അതിന് റഹ്‌മാന്‍ തിരഞ്ഞെടുത്ത വഴി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. റഹ്‌മാന്റെ രീതിയെ മഹത്വവത്കരിക്കുന്ന രീതി ഉണ്ടാവാന്‍ പാടില്ലെന്നും വനിതാകമ്മീഷന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. 

കേരളത്തില്‍ ആദ്യത്തെ കേസാണ് ഇത്. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്‌മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു.