Skip to main content

ഇളവ് കൊടുക്കുകയാണേല്‍ പലര്‍ക്കും ഇളവ് വേണ്ടി വരുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പലരുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ ഷൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇളവിന് പലരും അര്‍ഹരാണ്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കിയെന്നതാണ് സി.പി.എം നിലപാടെന്നും പിണറായി വിജയന്‍. 

ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലുള്ള രോഷം സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനെ മാനിക്കുന്നു. പുതിയ ആളുകള്‍ വരികയെന്നതാണ് പാര്‍ട്ടിയെടുത്ത സമീപനം. മുന്‍ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി. അതില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു. നന്ദിയും അറിയിക്കുന്നു. ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ ഒരുപാട് പേര്‍ക്ക് അത് കൊടുക്കേണ്ടി വരും. മികച്ച പ്രവര്‍ത്തനം നോക്കിയാല്‍ ഇളവിന് മറ്റ് പലരും അര്‍ഹമാണ്. ഇതിലൊന്നും വേറെ ദുരുദ്ദേശമില്ലെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. കെ.കെ. ഷൈലജ കൊവിഡ് തീവ്രതയില്‍ മന്ത്രിസഭയില്‍ ഇല്ലെന്നത് കുറവായി കാണുന്നില്ല. സി.പി.ഐ.എം കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചുവെന്നത് തെറ്റാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.