Skip to main content

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് എന്ന കാര്യത്തില്‍ ആലോചിക്കാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3600 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകളും ജില്ലയില്‍ 4282ഉം തൃശൂര്‍ ജില്ലയില്‍ 2888ഉം മലപ്പുറം ജില്ലയില്‍ 4212ഉം കേസുകളാണുള്ളത്. നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നു വേണം കേസുകളുടെ എണ്ണം കുറയുന്നതില്‍നിന്ന് അനുമാനിക്കാന്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി 26.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളത്ത് ഇത് 23.02 ഉം തൃശൂരില്‍ 26.04 ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്ന് ദിവസമായി 24.5 ശതമാനമാണ്. ഇന്ന് അത് 23.29 ആയിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുടേയും ടെസ്റ്റ് പോസിറ്റിവീറ്റി നിരക്കിന്റേയും ആഴ്ച വെച്ച് നോക്കുമ്പോള്‍ രോഗം വ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.