Skip to main content

ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്ര വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും. പിണറായി മന്ത്രിസഭയില്‍ ആദ്യ ഊഴത്തില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങളാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗണേഷിന് പിന്തുണയുമായി മറ്റൊരു സഹോദരി ബിന്ദു ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്. ബാലകൃഷ്ണപ്പിള്ള 2020 ഓഗസ്റ്റില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം മാറ്റിയെഴുതിയതെന്നാണ് ബിന്ദു പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വില്‍പ്പത്രത്തില്‍ സ്വത്ത് ഭാഗം വച്ചതിലെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

3 മക്കള്‍ക്കും 2 ചെറുമക്കള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റിനും സ്വത്ത് വീതിച്ചു നല്‍കിയാണു വില്‍പത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രം തയ്യാറാക്കിയതെന്നും പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും വില്‍പത്രം തയാറാക്കിയതിനു സാക്ഷ്യം വഹിച്ച കേരള കോണ്‍ഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍ പറഞ്ഞു. വില്‍പ്പത്രത്തിലെ സാക്ഷി കൂടിയാണ് പ്രഭാകരന്‍ നായര്‍.

എം.സി റോഡില്‍ ആയൂരിനു സമീപം 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്നാണ് വില്‍പത്രത്തില്‍ പറയുന്നത്. ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്‌ളാറ്റും ഗണേഷ് കുമാറിനാണ്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണു സ്‌കൂള്‍ മാനേജരെന്നും വില്‍പത്രത്തില്‍ പരാമര്‍ശിക്കുന്നു. വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫിസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍. വില്‍പത്ര ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന്റെ വിവരങ്ങള്‍ സമയമാകുമ്പോള്‍ പറയാമെന്നു സഹോദരി ഉഷ മോഹന്‍ദാസ് പ്രതികരിച്ചു.