Skip to main content

കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ കൂടിയായ ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹന്‍ദാസ് നല്‍കിയ പരാതി ഗണേഷിന് വെല്ലുവിളിയായെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഗണേഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സഹോദരി ഉയര്‍ത്തിയെന്നാണ് സൂചന.

ബാലകൃഷ്ണ പിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നും അതില്‍ ഗണേഷ് കുമാറിന് പങ്കുള്ളതായി താന്‍ സംശയിക്കുന്നു എന്നുമാണ് സഹോദരി പിണറായി വിജയനെ അറിയിച്ചത്. ഗണേഷ് കുമാറിനെക്കുറിച്ചും സോളാര്‍ കേസുമായി ബന്ധപ്പെട്ട സ്ത്രീയെക്കുറിച്ചും ഉഷ പിണറായിയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വില്‍പത്രവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉഷ തെളിവും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസത്തെ എല്‍.ഡി.എഫ് യോഗത്തില്‍ ആദ്യത്തെ ടേമില്‍ മന്ത്രിയാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യത്തെ ടേം ആന്റണി രാജുവിനും രണ്ടാമത്തെ ടേം ഗണേഷ്‌കുമാറിനും പങ്കിടാമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

പത്തനാപുരം എം.എല്‍.എ ആയ ഗണേഷ് കുമാര്‍ 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു. 2013ല്‍ ഗാര്‍ഹി പീഡനവുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് ഗണേഷ് രാജിവെക്കുകയായിരുന്നു.