Skip to main content

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് എല്‍.ഡി.എഫ് യോഗത്തില്‍ കൂട്ടം കൂടി കേക്ക് മുറിച്ചതില്‍ വ്യാപക വിമര്‍ശനം. കലക്ടര്‍ പരാതി നല്‍കി കേസെടുക്കണമെന്നും കേസെടുത്തില്ലെങ്കില്‍ ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും തോന്നലുണ്ടാകുമെന്നും ഹരീഷ് വാസുദേവന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എ.കെ.ജി സെന്ററില്‍ നടന്ന കേക്ക് മുറിക്കലിനെതിരെ തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്;

ട്രിപ്പിള്‍ ലോക്ക്ഡൗണ് ഉത്തരവ് നിലവിലുള്ള തിരുവനന്തപുരം ജില്ലയില്‍ നടന്ന പരിപാടിയാണ് ഈ കേക്ക് മുറിക്കല്‍. ഇതിലെ ആളുകള്‍ നേരിട്ടുവന്നു ഇത്ര സമയത്തിനുള്ളില്‍ ചെയ്യണമെന്ന് ഭരണഘടനയില്‍ പറഞ്ഞ പരിപാടിക്കല്ല ഈ കൂട്ടം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭരണതലത്തില്‍ പോസ്റ്റുകള്‍ വഹിക്കുന്നവര്‍ക്ക് അവരുടെ ജോലി ചെയ്യുന്നതില്‍ ഇളവുണ്ട്,(അതിനുമാത്രം). ഒരു പോസ്റ്റും വഹിക്കാത്ത ആളുകളും ഈ ഫോട്ടോയിലുണ്ട്. അവര്‍ക്ക് ലോക്ക്ഡൗണില്‍ പ്രത്യേക ഇളവ് ഉണ്ടായിരുന്നോ? വീട്ടില്‍ നിന്നിറങ്ങാന്‍ പോലീസ് പാസ് നല്‍കിയോ? എന്തായിരുന്നു പാസിലെ ആവശ്യം? 2 മീറ്റര്‍ അകലം പാലിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുത്തോ?

കേസെടുത്തില്ലെങ്കില്‍ ഇതിന് എന്റെയറിവില്‍ ഒരര്‍ത്ഥമേയുള്ളൂ. ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും.

അപ്പോഴാ സത്യപ്രതിജ്ഞയുടെ വാക്കുകളെന്താണ്? 'ഭീതിയോ പക്ഷപാതിത്വമോ പ്രീതിയോ വിദ്വേഷമോ കൂടാതെ നീതി നടപ്പാക്കുമെന്ന്..... '

**********************************

സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാല്‍ പോലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്സിന്‍ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്. മഴയത്തും വെയിലത്തും നിയമത്തില്‍ പറയാത്ത ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സാധാരണ പോലീസുകാരും, ആരോഗ്യ പ്രവര്‍ത്തകരും ഒക്കെ അവനവന്റെ ജോലിയില്‍ ഒരു വര്‍ഷമായി കാണിക്കുന്ന ആത്മാര്‍ത്ഥത വെറും ശമ്പളത്തോടുള്ള നന്ദിയല്ല. സാമൂഹിക ബോധമാണ് അവരെ നയിക്കുന്നത്. കടുത്ത മടുപ്പിനെ മറികടക്കുന്നതും ഇതേ സാമൂഹിക ബോധമുപയോഗിച്ചാണ്. എണ്ണയിട്ട യന്ത്രം പോലെ മനുഷ്യര്‍ പണിയെടുക്കുന്നത് ആ സോഷ്യല്‍ കമ്മിറ്റ്‌മെന്റിലാണ്. അവരേയൊക്കെ നോക്കി കൊഞ്ഞനം കുത്തലല്ലേ ഈ ഫോട്ടോയില്‍ നാം കാണുന്നത്?

അവരുടെ മൊറൈല്‍ തകര്‍ന്നാല്‍, 'ആര്‍ക്ക് വേണ്ടിയാണ് ഞാനിതൊക്കെ പാലിക്കുന്നത്' എന്നു ജനത്തിന് തോന്നിയാല്‍, ഒരുവര്‍ഷം കൊണ്ട് കെട്ടിയുണ്ടാക്കിയത് ഒക്കെ തകരാന്‍ അധിക ദിവസം വേണ്ടിവരില്ല.

ഇതില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ പരാതി നല്‍കി കേസെടുക്കണം. ഇന്നാട്ടില്‍ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല. ഇപ്പറയുന്നത് എന്തെങ്കിലും ഔദാര്യത്തെപ്പറ്റി അല്ല. കടമയാണ്.