Skip to main content

സംസ്ഥാനത്ത് ലോക്ക് ഡൗണും നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും തുടരുന്നതിനിടെ രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയി എന്ന അനുമാനത്തില്‍ വിദഗ്ദര്‍. എന്നാല്‍ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരു ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് മുക്തിയുണ്ടായി.

സംസ്ഥാനത്ത് പൊതുവില്‍ ആക്ടീവ് കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 4,45,000 വരെ എത്തിയ ആക്ടീവ് കേസുകള്‍ 3,62,315 ആയി കുറഞ്ഞിരിക്കുന്നു. ലോക്ഡൗണിന് മുന്‍പ് നടപ്പാക്കിയ വാരാന്ത നിയന്ത്രണങ്ങളുടെയും രാത്രികര്‍ഫ്യൂവിന്റെയും പൊതുവേയുള്ള ജാഗ്രതയുടെയും ഗുണഫലമാണ് ഇതെന്ന് അനുമാനിക്കാം. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പു ബാധിച്ചതിനാല്‍ ലോക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിലെ അറിയാനാകൂ. ഇപ്പോള്‍ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാമെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേയ് ഒന്നുമുതല്‍ എട്ടുവരെ ഒരു ദിവസം ശരാശരി 37,144 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയില്‍ അത് 35,919 ആയി കുറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തില്‍ എട്ട് ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. 

സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് തുടരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയിലാണ് ലോക്ഡൗണ്‍ നടപ്പാക്കി വരുന്നത്.