Skip to main content

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഴ കനക്കുന്നതിനിടെ സംസ്ഥാനത്തെ 9 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. മഴയും കാറ്റും ഞായറാഴ്ചയും തുടരും. കനത്ത മഴയെത്തുടര്‍ന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്. കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നല്‍കിയത്.