Skip to main content

പ്രണയത്തെ ജീവിതത്തിലെ വസന്തമെന്നും ആത്മനിഷ്ഠമായ വിശുദ്ധ രഹസ്യമെന്നും ഒക്കെ വിശേഷിപ്പിക്കാറുണ്ട്. വിപ്ലവ പോരാട്ടങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന വര്‍ക്ക് പ്രണയിക്കാമോ? അവര്‍ക്ക് പ്രണയിക്കാന്‍ നേരമുണ്ടാകുമോ ? എത്ര കാലം വരെ ഒരാളുടെ ഉള്ളില്‍ പ്രണയമുണ്ടാവാം?  കേരളത്തിന്റെ വിപ്ലവ നക്ഷത്രം ഗൗരി അമ്മയോട് ഒരിക്കല്‍ പ്രണയത്തെപ്പറ്റി ചോദിച്ചു. അതും പ്രായം നൂറില്‍ തൊട്ട് നില്‍ക്കുമ്പോള്‍. 

ചുളിവു വീണ അവരുടെ മുഖം തുടുത്തു. നാവിലേക്ക് കൗമാരം ചൊടിച്ച് ഇറങ്ങി വന്നു. അവര്‍ ചോദിച്ചു - എന്താടോ എനിക്ക് പ്രണയിച്ചു കൂടെ? എന്താ എനിക്ക് സൗന്ദര്യമില്ലായിരുന്നുവെന്ന് തോന്നുന്നുണ്ടോ? ഹേയ് ... കുഞ്ഞമ്മ ഇപ്പോഴും സുന്ദരിയല്ലേ എന്ന് ചോദിച്ചതോടെ ആള്‍  ഉഷാര്‍. അവര്‍ ഓര്‍മ്മകളുടെ ആഴങ്ങളിലേക്കിറങ്ങി. പിന്നെ പറഞ്ഞു തുടങ്ങി പ്രണയ കഥകള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ആദ്യ പ്രണയ ലേഖനം തരുന്നത് ബന്ധുവായ കോളേജ് വിദ്യാര്‍ത്ഥിയാണ്. അതിനു മറുപടി കൊടുക്കണമെന്ന് പറഞ്ഞിരുന്നു. പേടിച്ച് പെട്ടിയില്‍ സൂക്ഷിച്ചു വച്ചു. ചേച്ചി അത് കണ്ടുപിടിച്ചു. പ്രശ്‌നമായി. കോളേജില്‍ പഠിക്കുമ്പോള്‍ വീണ്ടും അയാള്‍ വന്നു. പ്രേമിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അയാളെ മാക്കി. അക്കാലത്ത് വീട്ടില്‍ വന്നിരുന്ന മറ്റൊരാളുമായി അടുത്തു. അതും വീട്ടിലറിഞ്ഞു പ്രശ്‌നമായി. അയാളെ ഒഴിവാക്കാമെന്ന് വാക്കു കൊടുത്താണ് രക്ഷപ്പെട്ടത്.

ഇന്റര്‍ മിഡിയറ്റിന് കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയും പ്രേമാഭ്യര്‍ത്ഥനയുമായി എത്തി. അന്നു മറ്റൊരാളോട് പ്രണയത്തിലായിരുന്നതിനാല്‍ ചങ്ങമ്പുഴയുടെ പ്രണയവും തള്ളി. പിന്നെ കോടതിയിലെത്തിയ ശേഷമാണ് പ്രണയക്കുരുക്ക്. തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന വക്കീലന്റെ അനന്തരവനാണ് പ്രേമ ലേഖനം നല്‍കിയത്. അയാളുടെ പേരും നല്ല ഓര്‍മ്മയുണ്ട്. ശരത് ചന്ദ്രന്‍ നായര്‍. പിന്നെ അതും വിട്ടു.

രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും ഈ സുന്ദരിയെ കാമുകന്മാര്‍ വെറുതെ വിട്ടില്ല. കമ്മ്യൂണിസ്റ്റ് നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായരും എ കെ ജിയും പോലും പ്രേമാഭ്യര്‍ത്ഥന നടത്തിയെന്ന് പറഞ്ഞപ്പോള്‍ സത്യമോ എന്ന് ഒന്ന് ശങ്കിച്ചു. അപ്പോള്‍ സ്വരം കടുപ്പിച്ചു - ഞാന്‍ വയ്യ എന്നു പറഞ്ഞപ്പോഴാണ് ഏ കെ.ജി ക്ക് സുശീലയുമായി അടുപ്പമുണ്ടാവുന്നത് . ഇവരുടെയെല്ലാം പ്രേമാഭ്യര്‍ത്ഥന നിരസിച്ച ഗൗരിഅമ്മ ഒടുവില്‍ ടി.വി.തോമസ് എന്ന സുന്ദരന്റെ പ്രണയവലയില്‍ കുരുങ്ങിയെന്നത് ചരിത്രം . ഒപ്പം പഠിച്ച സഹോദരിയെ കാണാന്‍ ഹോസ്റ്റലിലെത്തുമ്പോഴാണ് ടി.വി. എന്ന സുമുഖനെ ആദ്യം കണ്ടതെന്നാണ് ഗൗരിഅമ്മ പറയുന്നത്. പിന്നെ അദ്ദേഹം പിന്നാലെ നടന്ന് വീഴ്ത്തിയെന്നാണ് ഈ കാമുകി പറയുക.

ദാമ്പത്യം തകര്‍ന്നിട്ടും ടി.വി.തോമസിനോടുള്ള പ്രണയം തീര്‍ന്നിരുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു  ഗൗരിഅമ്മയുടെ വീടും കിടപ്പുമുറിയും. ഒരിക്കല്‍ കൈ പിടിച്ച് എന്നെയും മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സി.ബിജുവിനെയും കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി. യൗവനത്തിലെ ചിത്രങ്ങള്‍ കാട്ടിത്തരാനായിരുന്നു. ചുവരുകള്‍ നിറയെ ചിത്രങ്ങള്‍. ഏറെയും ടി.വി.യുമൊത്തുള്ള സുന്ദര മുഹൂര്‍ത്തങ്ങള്‍. ഓരോ ചിത്രത്തിനു പിന്നിലെയും കഥകള്‍ വിവരിച്ചു തന്നു. ബിജു ഈ ചിത്രങ്ങള്‍ തിരക്കിട്ട് പകര്‍ത്തുന്നതു കണ്ട് ശുണ്ഠിയുമായി വിലക്കി. മതി നീ ... നിര്‍ത്തിക്കോ.

പുറത്തുകടക്കുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു - ഇത്രയും സുന്ദരിയായ ഗൗരിഅമ്മയുടെ പിന്നാലെ ആണുങ്ങള്‍ പ്രണയാഭ്യര്‍ത്ഥനയുമായി വന്നില്ലെങ്കിലേ അതിശയിക്കേണ്ടൂ. അത് ഇഷ്ടപെട്ട ഗൗരിയമ്മ പറഞ്ഞു. ഇവിടെ ആല്‍ബ്ബത്തില്‍ ഇതിലും നല്ല ഫോട്ടോകള്‍ ഉണ്ടായിരുന്നു. ഓരോരുത്തര്‍ ഇളക്കിക്കൊണ്ടുപോയി. നൂറാം വയസിലും പ്രണയ നിര്‍ഭരമായ മനസുമായി കഴിയുന്ന ഗൗരിഅമ്മ എന്റെ മനസില്‍ വിസ്മയമായി നിറയുകയായിരുന്നു. ഞങ്ങളോട് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാന്‍ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ ഇനി ഗൗരിഅമ്മ എന്ന പ്രണയിനി ഇല്ല.