Skip to main content

സംസ്ഥാനത്ത് കൊവിഡ് ചികില്‍സയ്ക്ക് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ഇതര ചികിത്സകള്‍ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശമുണ്ട്. 5 വെന്റിലേറ്റര്‍ കിടക്കകള്‍ എങ്കിലും തയാറാക്കുകയും ചെയ്യണം. 

രണ്ടാം നിര കൊവിഡ് കേന്ദ്രങ്ങള്‍ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികള്‍ക്ക് ഓക്‌സിജന്‍ ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുഓത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. 

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനായാല്‍ കുത്തനെ മുകളിലേക്കുള്ള പോകുന്ന രോഗബാധിത നിരക്ക് പിടിച്ച് കെട്ടാനാകും. പരമാവധി 6 ദിവസം വരെയുള്ള ഇന്‍ക്യൂബേഷന്‍ കാലാവധി കണക്കാക്കിയാണ് ഈ പ്രതീക്ഷ ആരോഗ്യവിദഗ്ധര്‍ പങ്കുവെക്കുന്നത്. ഓരോ ദിവസവും കുതിച്ചു കയറുന്നതിന് പകരം ഈ കണക്ക് സ്ഥിരമായി നിശ്ചിത സംഖ്യയില്‍ പിടിച്ചു നിര്‍ത്താനാകും. അതിന് ശേഷം കുറയാന്‍ തുടങ്ങും. 

ലക്ഷണങ്ങള്‍ മാറിയാല്‍ മൂന്നു ദിവസത്തിന് ശേഷം പരിശോധനയ്ക്ക് കാത്തു നില്‍ക്കാതെ തന്നെ ഡിസ്ചാര്‍ജ് എന്നതാണ് പുതിയ രീതി. ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോള്‍ മാറിയതോടെ സംസ്ഥാനത്ത് രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 12 ദിവസത്തിനിടെ 2 ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്. ഇത് വരും ദിവസങ്ങളിലും ഉയര്‍ന്ന് പ്രതിദിന രോഗികളുടെ എണ്ണത്തിനൊപ്പമെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ചികിത്സാ സംംവിധാനങ്ങള്‍ ഞെരുങ്ങുന്നത് ഒരു പരിധി വരെ ഒഴിവാക്കാനുമാകും.