Skip to main content

കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തുമെന്ന് വടകരയില്‍ നിന്ന് ജയിച്ച ആര്‍.എം.പി.ഐ നേതാവ് കെ.കെ.രമ. ജീവിച്ചിരിക്കുന്ന ടി.പി.ചന്ദ്രശേഖരനെ പിണറായി വിജയന് നിയമസഭയില്‍ കാണാനാകുമെന്നും രമ. ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ പ്രതിനിധികളായി കൂടിയാണ് നിയമസഭയിലെത്തുന്നതെന്നും കെ.കെ.രമ. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒമ്പത് വര്‍ഷമാവുകയാണ്. യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരുമെന്നും കെ.കെ.രമ പറയുന്നു. മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

സി.പി.ഐ.എമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്. കെ കെ രമയുടെ വിജയം.