Skip to main content

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കായിരിക്കും? പിണറായിക്കോ കെ മുരളീധരനോ അതോ സാക്ഷാല്‍ കെ സുരേന്ദ്രനോ? മത്സരത്തിനൊരുങ്ങും മുമ്പേ ഇവിടെ ഭരിക്കാനുള്ള പൂഴിക്കടകന്‍ അടവുമായിട്ടായിരുന്നുവല്ലോ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പടപ്പുറപ്പാട്. 140 അംഗ നിയമസഭയില്‍ 35 അംഗങ്ങളെ ജയിപ്പിച്ചാല്‍ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഇന്ദ്രജാലം കൈവശമുണ്ടെന്ന പ്രഖ്യാനമായിരുന്നു ഇതില്‍ പ്രധാനം. ജനാധിപത്യ രീതിയില്‍ അസാധ്യമായ ഈ ലക്ഷ്യം, കൈവരിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കാന്‍ തുടങ്ങിയതോടെ മൂല്യാധിഷ്ടിത രാഷ്ട്രിയത്തെ കശാപ്പ് ചെയ്യാനുള്ള പദ്ധതികളുമായിട്ടാണ് നേതാവ് നില്‍ക്കുന്നതെന്ന് ജനം സംശയിച്ചിരിക്കണം. മൂല്യാധിഷ്ഠിത രാഷ്ട്രീയം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന് മുന്‍ഗാമികള്‍ പറഞ്ഞത് കേട്ട അണികള്‍ പുതിയ നയം മാറ്റം കണ്ട് അന്ധാളിച്ചു നില്‍ക്കെയാണ്, കബഡിക്കളത്തിലെ മെയ് വഴക്കമുള്ള കളിക്കാരനെ പോലെ ഓടിയും ചാടിയും തൊട്ടും തലോടിയും സുരേന്ദ്രന്‍ കളം നിറഞ്ഞത്. 35 സീറ്റ് പിടിക്കാനിറങ്ങിയ നേതാവ് കേരളമാകെ നടത്തിയ യാത്രയില്‍ മുതിര്‍ന്ന നേതാക്കളെ തള്ളിപ്പറഞ്ഞും ഇഷ്ടക്കാരെ മാത്രം പരിഗണിച്ചും ഗ്രൂപ്പില്‍ ഒപ്പം നില്‍ക്കാത്തവര്‍ക്ക് ഭാവിയില്ലെന്ന സന്ദേശമെറിഞ്ഞു. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വന്നപ്പോള്‍ മന്ത്രി വി മുരളീധരനും വിശ്വസ്തന്‍ സുരേന്ദ്രനുമാണ് എല്ലാം തീരുമാനിക്കുന്നതെന്ന തോന്നല്‍ വന്നു. ഡല്‍ഹി ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ മത്സരിക്കാന്‍ താല്പര്യവുമായെത്തിയ മുതിര്‍ന്ന നേതാവ് ആര്‍ ബാലശങ്കറെ പോലെയുള്ളവരെ അടിച്ചോടിച്ചു. മറ്റൊരു നേതാവ് അനൂപിന് അയാള്‍ താല്പര്യം പ്രകടിപ്പിച്ച തിരുവല്ല നല്‍കാതെ അമ്പലപ്പുഴക്കു പായിച്ചു. അമ്പലപ്പുഴ നില്‍ക്കാന്‍ ആഗ്രഹിച്ച സന്ദീപ് വാചസ്പതിയെ ആലപ്പുഴയിലേക്കു മാറ്റി. പ്രതീക്ഷയുള്ള ആറന്മുള ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിക്ക് സമ്മാനിച്ചു. ശോഭ സുരേന്ദ്രന് കഴക്കൂട്ടത്ത് അവസരം നിഷേധിക്കാനുള്ള അടവുകള്‍, അവരുടെ സാമാര്‍ത്ഥ്യത്തിനു മുമ്പില്‍ പൊളിഞ്ഞപ്പോള്‍ അവിടെ സീറ്റ് നല്‍കി. പ്രസിഡന്റ് സുരേന്ദ്രനാവട്ടെ മഞ്ചേശ്വരത്തും കോന്നിയിലും ഹെലികോപ്റ്ററില്‍ പാറി നടന്നു മത്സരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കണമെന്നാഗ്രഹിച്ച സുരേഷ് ഗോപിക്ക് കൊടുത്തത് അങ്ങേര്‍ക്ക് താല്പര്യമില്ലാതിരുന്ന തൃശൂര്‍. എന്നിട്ടെന്തായി? എല്ലാം പോയി. ഏക സിറ്റിംഗ് സീറ്റായ നേമം കൂടി നഷ്ടപ്പെടുത്തിയതോടെ കേരള നിയമസഭയില്‍ ബി.ജെ.പിയെ സംപൂജ്യ രാഷ്ട്രീയ പ്രസ്ഥാനമാക്കിയതിന്റെ നേട്ടം സുരേന്ദ്രനില്‍ എത്തിയിരിക്കുകയാണ്. ഇതിന് പിണറായിയെ പഴിക്കാന്‍ കഴിയുമോ? നേമത്ത് മത്സരിക്കാന്‍ സാഹസിക ബുദ്ധി പ്രകടിപ്പിച്ച കെ മുരളീധരനെ പഴിക്കണോ?

സീറ്റൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, ബി.ജെ.പി.യുടെ വോട്ടു വിഹിതം പത്തു വര്‍ഷം പിന്നിലേക്കു പോകുകയും ചെയ്തു. ഇത്തവണ 18 ശതമാനം വോട്ടു പിടിക്കണമെന്ന് ലക്ഷ്യമിട്ട ബി.ജെ.പി. ഇവിടെ ആകെ നേടിയത് 12.4 ശതമാനം വോട്ടാണ്. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 15.64 ശതമാനവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 15.5 ശതമാനവും വോട്ടു നേടിയിടത്തു നിന്നാണ് ഈ കൂപ്പ്കുത്തല്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും 15 ശതമാനം വോട്ടു വിഹിതമുണ്ടായിരുന്നു ബി.ജെ.പിക്ക്. സീറ്റുമില്ല, വോട്ടുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 

ആളും അര്‍ത്ഥവും ഇത്രമാത്രം കേരളത്തില്‍ ഒഴുക്കിയ ഒരു തിരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. കോടികളായിരുന്നു മണ്ഡലങ്ങളിലേക്ക് ഒഴുകിയത്. പ്രധാനമന്ത്രിയും അമിത് ഷായും നിരവധി കേന്ദ്ര മന്ത്രിമാരും കൊവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങളെ മറികടന്ന് ഇവിടെ പൊതുയോഗങ്ങളും റോഡ് ഷോകളും സംഘടിപ്പിച്ചിട്ടും ഫലം ശൂന്യം. ഇതിന് ഇവിടുത്തെ നേതൃത്വം കേന്ദ്ര നേതൃത്വത്തോട് സമാധാനം പറയേണ്ടിവരും. വോട്ടു കണക്ക് കേള്‍ക്കണ്ട. സീറ്റാണ് വേണ്ടത് എന്ന അമിത്ഷായുടെ കല്പന കേരള നേതാക്കളുടെ മനസ്സില്‍ ഭയമായി ഉരുണ്ടു കൂടുന്നുണ്ട്. അത് കൊണ്ടു തന്നെ എന്തും സംഭവിക്കാം. നേതൃതല ശുദ്ധീകരണത്തിന് സാധ്യതയേറെ.