Skip to main content

ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഒരേ സമയം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി നടത്തിയെന്ന് അവകാശപ്പെടുന്ന രണ്ട് സര്‍വേയുടെ ഫലങ്ങളാണിത്. ഒരു സര്‍വേ നടത്തിയത് മനോരമയാണ്. രണ്ടാമത്തേത് മാതൃഭൂമിയുടേതാണ്. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായ പ്രവചനങ്ങളാണ് പല ചാനലുകളിലൂടെയും പുറത്തു വരുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രവചനത്തിന്റെ പൊതുസ്വഭാവമെന്ന് പറയുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം തുടരുമെന്നതാണ്. ശാസ്ത്രീയമായ മാനദണ്ഡങ്ങളിലൂടെയാണ് ഈ പ്രവചനം നടത്തിയതെങ്കില്‍ ഈ ഫലങ്ങള്‍ ലഭ്യമാകേണ്ടതാണ്. പല ചാനലുകളുടെ സര്‍വേകളിലും പല മണ്ഡലങ്ങളിലും പരസ്പര വിരുദ്ധമായ ജയവും വിജയവുമാണ് പ്രവചിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന പ്രക്രിയയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 

മെയ് രണ്ടിന് ഫലം വരാനിരിക്കുകയാണ്. അതിന് മുമ്പ് തന്നെ പ്രവചനം നടത്തുന്നതിന്റെ ലക്ഷ്യമെന്താണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മനുഷ്യനില്‍ സഹജമായിട്ടുള്ള ആകാംഷയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ചാനലിന്റെ റേറ്റിങ് കൂട്ടുകയും പരസ്യം കൂടുതല്‍ ലഭ്യമാകുന്ന പരിപാടി സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മാത്രമാണ് ഇതിന് പിന്നിലുള്ളത്. ഇത്തരത്തില്‍ ലാഭമുണ്ടാക്കി ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളാക്കുന്ന പ്രക്രിയയാണ് ഇത്തരത്തിലുള്ള പ്രവചനങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അവര്‍ നടത്തുന്ന ചര്‍ച്ചയുടെ ഗൗരവം കണ്ടുകഴിഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ ഫലം വന്നു എന്ന തരത്തിലാണ്. ഇത്തരത്തിലുള്ള കെണിയില്‍ പ്രേക്ഷകര്‍ വീണു പോകുന്നു എന്നതാണ് ഏറ്റവും വലിയ ഗതികേട്. 

ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇരുപത്തി അഞ്ചോളം ദിവസങ്ങള്‍ കഴിഞ്ഞാണ് ഫലം പ്രഖ്യാപിക്കാന്‍ പോകുന്നത്. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിനെ ആധാരമാക്കി മാധ്യമങ്ങള്‍ പല ചര്‍ച്ചകളും നടത്തുകയുണ്ടായി. ഇതിലെല്ലാം ആര് ജയിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകളായിരുന്നു. ഇതെല്ലാം കാണിക്കുന്നത് മാധ്യമങ്ങളുടെ ആശയ ദാരിദ്ര്യമാണ്. ഈ 25 ദിവസം സര്‍ഗാത്മകമായും ക്രിയാത്മകവുമായിട്ടുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമായിരുന്നു. അത്തരമൊരു ആരോഗ്യകരമായ ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ദിശാബോധം നല്‍കാന്‍ അത് സഹായകരമാകുമായിരുന്നു.