Skip to main content

കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ലോക്ക്ഡൗണ്‍ എത്രയും വേഗം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് മൂര്‍ച്ഛിച്ചതിന് ശേഷം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാന്‍ സാധ്യതയില്ല. അത് വന്‍ ദുരന്തവുമായി മാറും. വളരെ അധികം ആശുപത്രി സൗകര്യങ്ങള്‍ ഉള്ള കൊച്ചി നഗരത്തില്‍പ്പോലും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വളരെ അധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ഇപ്പോള്‍ ഈ അവസ്ഥയാണെങ്കില്‍ രോഗം മൂര്‍ച്ഛിച്ചതിന് ശേഷമുള്ള കാര്യം എന്താവുമെന്ന് ആലോചിക്കേണ്ടതുണ്ട്. 

ഇപ്പോള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത് കൊവിഡ് വ്യാപനം തടയുന്നതിനാണ്. അതിനുശേഷമുള്ള പ്രാധാന്യം മാത്രമെ വാക്‌സിനേഷന് നല്‍കേണ്ടതുള്ളൂ. എന്നാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ശ്രദ്ധ വാക്‌സിനേഷന് നല്‍കുകയാണ്. അതുകൊണ്ടുണ്ടാവുന്ന ഉത്കണ്ഡയുടെ ഭാഗമായിട്ടാണ് പ്രായമായവര്‍ പോലും വാക്‌സിന്‍ എടുക്കാന്‍ തിക്കും തിരക്കും കൂട്ടുകയും കുഴഞ്ഞു വീഴുകയുമൊക്കെ ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ തന്നെ കൊവിഡ് വ്യാപനത്തിന് കാരണമാകാം.

ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വളരെ അപകടകാരിയാണ് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് കൊവിഡ് വ്യാപനം തടയുന്നതിന് തന്നെയാണ്. വാക്‌സിന്‍ സ്വീകരിച്ചാലും രോഗം വരുന്നത് തടയാന്‍ നമ്മള്‍ വളരെ അധികം ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതും മറന്നുകൂട.