Skip to main content

കൊവിഡ് വ്യാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തിലും ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാരും സര്‍വകക്ഷികളും കൂടി തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ വേണ്ടെന്ന് വെച്ചത് ഉത്തരേന്ത്യയിലെ സ്ഥിതി ക്ഷണിച്ച് വരുത്തുന്നതിന് തുല്ല്യം തന്നെയാണ്. കൊവിഡ് അഗ്നിപര്‍വതം പോലെ ആയിരിക്കുന്നു എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ആ പ്രസ്ഥാവന അദ്ദേഹത്തിന്റെ കൈവശം ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയിരിക്കുന്നതാണ്. ഇപ്പോള്‍ 40 ശതമാനത്തോളം കൊവിഡ് രോഗികള്‍ ജനിതക വ്യതിയാനം വന്ന വൈറസ് ബാധിച്ചവരാണ്. ജനിതക വ്യതിയാനം വന്ന വൈറസ്ബാധ മിക്ക ജില്ലകളിലും സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇത് അന്തരീക്ഷത്തിലൂടെയും അതിവേഗം വ്യാപിക്കുന്നു എന്ന രീതിയിലുള്ള വിവരങ്ങളും പുറത്തു വരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വ്യപനം പെട്ടെന്ന് തടയാനുള്ള ഏറ്റവും അത്യാവശ്യമായ നടപടിയായിരുന്നു ലോക്ക്ഡൗണ്‍. 

ലോക്ക്ഡൗണ്‍ വേണ്ട എന്ന് വെക്കുന്നതിലൂടെ കേരള സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ ജനതയുടെ ചെറിയ ശതമാനത്തെ എങ്കിലും ആപത്തിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഏതെങ്കിലും രീതിയിലുള്ള രോഗങ്ങളുള്ളവരെ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ അവരുടെ നില അതിഗുരുതരമാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതില്‍ ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനം വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്തുക എന്നത് തന്നെയാണ്. സാധാരണക്കാരുടെ ജീവിത വരുമാനം ഇല്ലാതെ ആവുന്ന സാഹചര്യം ഉണ്ടാകാതെ ഇരിക്കാനാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താത്തത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ശരിയുമാണ്. എന്നാല്‍ അവരുടേയും ജീവന്‍ അപകടത്തില്‍ തന്നെയാണ് എന്നത് വിസ്മരിക്കാവുന്നതല്ല.