Skip to main content

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്ക നിലനില്‍ക്കെ ആശങ്കാജനകമായ മറ്റൊരു വിവരവും പുറത്തുവരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രക്തം നല്‍കാന്‍ ആളുകള്‍ എത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കൂടി കൊവിഡ് വാക്‌സിന്‍ എടുത്തു തുടങ്ങിയാല്‍ ക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക. 

കൊവിഡ് പകരുമോ എന്ന ആശങ്ക കാരണം സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ഇപ്പോള്‍ രക്തം നല്‍കാനെത്തുന്നവരുടെ എണ്ണം നന്നേ കുറവാണ്. കൊവിഡായതിനാല്‍ പുറത്ത് രക്ത ക്യാംപുകളും സംഘടിപ്പിക്കാനാകുന്നില്ല. രക്തദാനത്തിലൂടെ കൊവിഡ് പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു. 

യുവാക്കളാണ് രക്തദാനത്തിനായി എത്തുന്നവരിലേറെയും. വാക്‌സിന്‍ എടുത്താല്‍ ഉടന്‍ രക്തം നല്‍കാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. അതിനാല്‍ തന്നെ യുവാക്കള്‍ക്കുള്ള വാക്‌സിനേഷന് തുടങ്ങും മുമ്പ് പരമാവധി രക്തം ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഐ.എം.എ അടക്കമുള്ളവര്‍. മെയ് മുതല്‍ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്.