Skip to main content

കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ സംഭാവനയായി ഇതുവരെ എത്തിയത് ഒരു കോടിക്ക് മുകളില്‍. കൊവിഡ് തുടക്കകാലമായ 2020 ഏപ്രിലില്‍ ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച കൊല്ലം സ്വദേശി സുബൈദ വാക്‌സിന്‍ വിതരണത്തിനായി 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. വാക്സിന്‍ ചാലഞ്ചിലൂടെ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷത്തിന് മുകളില്‍ ലഭിച്ചിരുന്നു.

ആടിനെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സുബൈദ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും സ്വന്തം ആടിനെ വിറ്റുതന്നെയാണ് സുബൈദയുടെ സഹായമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സുബൈദയുടെ വാര്‍ത്തകണ്ട് കഴിഞ്ഞ വര്‍ഷം കോഴിക്കോട് 'ആദാമിന്റെ ചായക്കട' ഉടമ അനീസ് അഞ്ച് ആടുകളെ സുബൈദക്ക് സമ്മാനിച്ചിരുന്നു. വാര്‍ത്തകളില്‍ നിറഞ്ഞ് താരമായതോടെ നിരവധി സഹായ വാഗ്ദാനങ്ങള്‍ തേടിയെത്തിയെങ്കിലും പലതും സുബൈദ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു.