Skip to main content

ചേരി തിരിഞ്ഞ് അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനിടയില്‍ ആലപ്പുഴ സി.പി.എം. ല്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ സൂചനകളും. പാര്‍ട്ടിയിലെ സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയായ ജി.സുധാകരനെ സംഹരിക്കാന്‍ രണ്ടാം നിരയിലെ ഒരു വിഭാഗം.പത്മവ്യൂഹം ചമക്കുമ്പോള്‍ , സാമുദായിക ചേരിതിരിവും രൂപപ്പെടുന്നുണ്ട്.

സുധാകരനെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി. പ്രാദേശിക നേതൃത്വവും രഹസ്യ പിന്തുണയുമായി എസ്.എന്‍.സി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇടപെട്ടതാണ് സി.പി.എം. ചേരിതിരിവിന് മറ്റൊരു പരിവേഷം നല്‍കുന്നത്. പരോക്ഷമായി എന്‍.എസ്.എസ്. പിന്തുണയും സുധാകരനുണ്ട്. കോണ്‍ഗ്രസില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ സുധാകരനെതിരെ വിമര്‍ശനവുമായി എത്തിയപ്പോള്‍ ഡി.സി.സി. പ്രസിഡന്റ് എം.ലിജു സുധാകരനെ പിന്തുണച്ചതും ശ്രദ്ധേയം.

സുധാകര വിരുദ്ധ കലാപത്തിന് അണിയറയില്‍ എണ്ണ പകരുന്ന സജി ചെറിയാനും എ.എം.ആരിഫും എച്ച്. സലാമും ഉള്‍പ്പെടെയുള്ളവരുടെ നീക്കം പാര്‍ട്ടിയെ ന്യൂനപക്ഷ വരുതിയില്‍ നിര്‍ത്താനാണെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകളും ഗാങ്ങുകളുമാണ് തനിക്കെതിരെ കളിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞത് ഏറ്റുപിടിച്ച ബി.ജെ.പി. ലക്ഷ്യമിടുന്നതും സി.പി.എം. ല്‍ ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നുവെന്ന് സ്ഥാപിക്കാനാണ്. സുധാകരനു നേര്‍ക്കുള്ള ആക്രമണം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിന് അവര്‍ തുടക്കമിട്ടു കഴിഞ്ഞു. 

മറുവശത്ത് മുന്‍പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി ഉയര്‍ത്തി സുധാകരനെ പ്രതിരോധത്തിലാക്കുകയും കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്തി പുതിയ ശാക്തിക ചേരി രൂപപ്പെടുത്തുകയുമെന്നതാണ് തന്ത്രം . 

 എഫ്.ബി. പോസ്റ്റിലൂടെ സുധാകരന് ഉറച്ച പിന്തുണയുമായി രംഗത്ത് വന്നത് ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ ദേവസ്വം ബോര്‍ഡംഗവുമായ എ.രാഘവന്‍ മാത്രമാണ്. സുധാകരന്റെ ചാവേറുകളായി അറിയപ്പെട്ടിരുന്ന മറ്റു നേതാക്കള്‍ ഇപ്പോള്‍ മൗനത്തിലാണ്. കാര്യങ്ങള്‍ നിരീക്ഷിക്കുകയാണവര്‍. കാറ്ററിഞ്ഞു വേണമല്ലോ തൂറ്റാന്‍. കാറ്റിന്റെ ഗതിയെങ്ങനെ എന്ന് നോക്കട്ടെ ...